സംസ്ഥാനങ്ങൾക്കുള്ള ഫണ്ടിൽ വിവേചനം: ആരോപണത്തിനു പ്രതിരോധവുമായി കേന്ദ്രം

ആരോപണം പാർലമെന്‍റ് വരെയെത്തുകയും, കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ സർക്കാർ തലത്തിൽ തന്നെ സമരത്തിനു തയാറെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ നീക്കം.
കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥനും ധനമന്ത്രി നിർമല സീതാരാമനും.
കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥനും ധനമന്ത്രി നിർമല സീതാരാമനും.File photo

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിൽ വിവേചനമുണ്ടെന്ന ആരോപണം ശക്തമായ പശ്ചാത്തലത്തിൽ സർക്കാർ തലത്തിലും ഉദ്യോഗസ്ഥതലത്തിലും പ്രതിരോധം ശക്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെതിരായും, ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കെതിരായ വിവേചനമുണ്ടെന്നാണ് ആരോപണം ഉയർന്നത്. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് തിങ്കളാഴ്ച പാർലമെന്‍റിൽ ഈ ആരോപണം നിരാകരിച്ചുകൊണ്ട് വിശദീകരണം നൽകിയത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച കേന്ദ്ര ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥൻ ചാനൽ അഭിമുഖത്തിലും ഈ വിഷയം കൂടുതൽ വ്യക്തമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരിക്കുന്നത്.

നികുതിയിലെ വിഹിതം നൽകുന്ന കാര്യത്തിലായാലും, കേന്ദ്ര പദ്ധതികൾക്കുള്ള വിഹിതം നൽകുന്ന കാര്യത്തിലായാലും വ്യക്തമായ മാർഗരേഖകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുന്നതെന്ന് സോമനാഥൻ പറഞ്ഞു. ഇക്കാര്യത്തിൽ ഒരു സംസ്ഥാനത്തോടും ബോധപൂർവം വിവേചനം കാണിക്കുന്നില്ല. എന്നാൽ, ഇതിന്‍റെ രാഷ്‌ട്രീയ വശങ്ങളിലേക്കു താൻ കടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര പദ്ധതികളുടെ കാര്യത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് 90 ശതമാനം തുകയും ഇതര സംസ്ഥാനങ്ങൾക്ക് 60 ശതമാനം തുകയുമാണ് നൽകുന്നത്
ടി.വി. സോമനാഥൻ, കേന്ദ്ര ധനകാര്യ സെക്രട്ടറി

അർഹമായ ജിഎസ്‌ടി വിഹിതവും നികുതി വിഹിതവും കേന്ദ്ര സർക്കാർ തടഞ്ഞു വയ്ക്കുന്നു എന്ന ആരോപണം കേരളത്തെക്കൂടാതെ പശ്ചിമ ബംഗാളും പഞ്ചാബും ദീർഘകാലമായി ഉന്നയിച്ചു വരുന്നതാണ്. കേന്ദ്ര സർക്കാർ പദ്ധതികളുടെ കാര്യത്തിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് 90 ശതമാനം തുകയും ഇതര സംസ്ഥാനങ്ങൾക്ക് 60 ശതമാനം തുകയുമാണ് നൽകുന്നത്. ഇക്കാര്യത്തിൽ മറ്റു വ്യത്യാസങ്ങളില്ലെന്ന് സോമനാഥൻ വിശദീകരിക്കുന്നു.

കോൺഗ്രസിന്‍റെ ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപണം ഉന്നയിച്ചതോടെയാണ് ഈ വിഷയം ദേശീയ തലത്തിൽ സജീവ ചർച്ചയായത്. ഗൂഢ ലക്ഷ്യങ്ങളുള്ള ചിലരുടെ രാഷ്‌ട്രീയപ്രേരിതമായ വാദമാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നതെന്നായിരുന്നു നിർമല സീതാരാമന്‍റെ പ്രതികരണം.

ഒരു സംസ്ഥാനത്തോടും കേന്ദ്ര സർക്കാരോ താനോ വിവേചനം കാണിക്കുന്നില്ലെന്നു നിർമലയും വ്യക്തമാക്കിയിരുന്നു. ധനകാര്യ കമ്മിഷന്‍റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണു സംസ്ഥാനങ്ങൾക്ക് നികുതി വിഹിതം അനുവദിക്കുന്നത്. ജിഎസ്‌ടി എന്നത് മൂന്നു ഘടകങ്ങൾ ചേർന്നതാണ്. എസ്‌ജിഎസ്‌ടി, ഐജിഎസ്‌ടി, സിജിഎസ്‌ടി എന്നിവയാണവ. എസ്‌ജിഎസ്‌ടി 100 ശതമാനവും സംസ്ഥാനങ്ങൾക്ക് ലഭിക്കും. ഐജിഎസ്‌ടി നിശ്ചിത ഇടവേളകളിൽ വിലയിരുത്തി വിഹിതം നൽകും. സിജിഎസ്‌ടി ധനകാര്യ കമ്മിഷൻ പറയുന്നതുപോലെ വീതം വയ്ക്കും. അല്ലാതെ തന്‍റെ ഇഷ്ടങ്ങൾക്കും രാഷ്‌ട്രീയത്തിനും യോജിക്കുന്ന വിധമല്ല ഇതു വിതരണം ചെയ്യുന്നതെന്നും, ഏതു ധനമന്ത്രിക്കും ഇതേ ചെയ്യാനാകൂ എന്നും നിർമല പറഞ്ഞിരുന്നു.

എസ്‌ജിഎസ്‌ടി 100 ശതമാനവും സംസ്ഥാനങ്ങൾക്ക് ലഭിക്കും. ഐജിഎസ്‌ടി നിശ്ചിത ഇടവേളകളിൽ വിലയിരുത്തി വിഹിതം നൽകും. സിജിഎസ്‌ടി ധനകാര്യ കമ്മിഷൻ പറയുന്നതുപോലെ വീതം വയ്ക്കും
നിർമല സീതാരാമൻ, കേന്ദ്ര ധനമന്ത്രി

കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ച് കേരളത്തിലെ ഇടതു സർക്കാരും കർണാടകയിലെ കോൺഗ്രസ് സർക്കാരും ഡൽഹിയിൽ വലിയ സമരത്തിന് തയാറെടുക്കുമ്പോഴാണ് നിർമലയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നേരിട്ടാണ് ഡൽഹിയിലെ ജന്തർ മന്ദറിൽ സമരത്തിനു പോകുന്നത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ഇതിലേക്ക് ഔപചാരികമായി ക്ഷണിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com