പൈപ്പ് ഗ്യാസ് നിർബന്ധമാക്കുന്നു, കണക്ഷൻ എടുത്തില്ലെങ്കിൽ സിലിണ്ടർ വിതരണം നിർത്തും

പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ പുതിയ കണക്ഷനിലേക്ക് മാറാത്ത പക്ഷം അവർക്കുള്ള എൽപിജി സിലിണ്ടർ വിതരണം നിർത്തലാക്കും
Centre issues PNG mandate

പിഎൻജി കണക്ഷൻ നിർബന്ധിതമാക്കുന്നു.

Representative image

Updated on

ന്യൂഡൽഹി: രാജ്യത്തെ പാചകവാതക വിതരണ ശൃംഖല വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു. പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ പുതിയ കണക്ഷനിലേക്ക് മാറാത്ത പക്ഷം അവർക്കുള്ള എൽപിജി (LPG) സിലിണ്ടർ വിതരണം നിർത്തലാക്കാനാണ് ഉത്തരവ്.

ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും ഒരൊറ്റ ഇന്ധന സ്രോതസിനെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമാണ് ഈ നീക്കം. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പുറപ്പെടുവിച്ച 'നാച്ചുറൽ ഗ്യാസ് ആൻഡ് പെട്രോളിയം പ്രൊഡക്റ്റ്സ് ഡിസ്ട്രിബ്യൂഷൻ ഓർഡർ 2026'പ്രകാരമാണ് ഈ നടപടി.

പെട്രോളിയം സെക്രട്ടറി നീരജ് മിത്തൽ ഈ പരിഷ്കാരത്തെ വിശേഷിപ്പിച്ചത് "പ്രതിസന്ധിയെ അവസരമാക്കി മാറ്റുന്നു" എന്നാണ്. പൈപ്പ്‌ലൈൻ ശൃംഖലയുള്ള നഗരപ്രദേശങ്ങളിൽ നിന്ന് എൽപിജി സിലിണ്ടറുകൾ ഒഴിവാക്കി, കണക്ഷനുകൾ ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലേക്ക് അവ വകമാറ്റി നൽകാനും ഈ നയം സഹായിക്കും.

അത്യാവശ്യ സാധന നിയമത്തിന്‍റെ (Essential Commodities Act) കീഴിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമലംഘനം നടത്തുന്ന വിതരണക്കാർക്കെതിരെ കടുത്ത പിഴയും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകും.

ഉത്തരവിലെ പ്രധാന നിർദേശങ്ങൾ

  1. എൽപിജി വിതരണം നിർത്തും: പിഎൻജി കണക്ഷൻ ലഭ്യമായ പ്രദേശങ്ങളിൽ, അതോറിറ്റികൾ അറിയിപ്പ് നൽകി മൂന്ന് മാസത്തിനുള്ളിൽ ഉപഭോക്താക്കൾ പൈപ്പ്ഡ് ഗ്യാസിലേക്ക് മാറണം. അല്ലാത്തപക്ഷം മൂന്ന് മാസത്തിനു ശേഷം ആ വിലാസത്തിലേക്കുള്ള എൽപിജി വിതരണം നിർത്തലാക്കും.

  2. അനുമതികൾ വേഗത്തിലാക്കും: ഗ്യാസ് പൈപ്പ്‌ലൈൻ പദ്ധതികൾക്ക് ആവശ്യമായ അനുമതികൾ നൽകുന്നതിൽ തദ്ദേശ സ്ഥാപനങ്ങളും മറ്റും കാലതാമസം വരുത്താൻ പാടില്ല. നിശ്ചിത സമയത്തിനുള്ളിൽ അനുമതി നൽകിയില്ലെങ്കിൽ, അനുമതി ലഭിച്ചതായി കണക്കാക്കും.

  3. സമയപരിധി: റെസിഡൻഷ്യൽ സമുച്ചയങ്ങളിൽ പൈപ്പ് ഇടുന്നതിനുള്ള അനുമതി മൂന്ന് പ്രവൃത്തിദിനങ്ങൾക്കുള്ളിൽ നൽകണം. പൈപ്പ്‌ലൈൻ ലഭ്യമായ ഇടങ്ങളിൽ 48 മണിക്കൂറിനുള്ളിൽ കണക്ഷൻ നൽകണം.

  4. ഇളവുകൾ: സാങ്കേതിക കാരണങ്ങളാൽ പൈപ്പ്ഡ് ഗ്യാസ് കണക്ഷൻ നൽകാൻ സാധിക്കാത്ത വീടുകൾക്ക് പ്രത്യേക 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' (NOC) നൽകും. ഇത്തരം വീടുകളിൽ എൽപിജി വിതരണം തുടരാൻ അനുവദിക്കും.

  5. ലക്ഷ്യം: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം എൽപിജി ഇറക്കുമതിയിൽ തടസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്‍റെ ഉപയോഗം വർധിപ്പിക്കുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. പൈപ്പ്ഡ് ഗ്യാസ് ലഭ്യമാകുന്നതോടെ സിലിണ്ടറുകൾ റീഫിൽ ചെയ്യുന്നതിനായുള്ള കാത്തിരിപ്പും ഒഴിവാക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com