

പ്രഹ്ളാദ് ജോഷി
File photo
ന്യൂഡൽഹി: ചോദ്യച്ചോർച്ചയുടെ പേരിലുള്ള വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്നു രാജിവച്ച ധർമേന്ദ്ര പ്രധാന്‍റെ പിൻഗാമിയായി വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ തലപ്പത്തെത്തിയ പ്രഹ്ളാദ് ജോഷിയെ കാത്തിരിക്കുന്നത് അതീവ ദുഷ്കരമായ ദൗത്യം. നിലവിൽ ഉപഭോക്തൃ കാര്യം, ഭക്ഷ്യ-പൊതുവിതരണം, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയാണു ജോഷി. ഇതിനൊപ്പമാണു പുതിയ ചുമതല ലഭിച്ചത്. സ്ഥിരമായി മന്ത്രിപദം നൽകിയതോ, മന്ത്രിസഭാ പുനഃസംഘടന വരെയുള്ള ഇടക്കാല സംവിധാനമോ എന്നതിൽ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.
എന്നാൽ, ധർമേന്ദ്ര പ്രധാനെപ്പോലെ കരുത്തനായ നേതാവ് വഹിച്ച വകുപ്പിന്‍റെ അധികചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി, ജോഷിക്കു നൽകിയത് കൃത്യമായ കണക്കുകൂട്ടലുകളോടെയെന്നാണ് വിലയിരുത്തൽ. 2019 മുതൽ 2024 വരെ പാർലമെന്‍ററി കാര്യ മന്ത്രിയായിരുന്നു ജോഷി. പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളെ നേരിടാനും സഭ സുഗമമായി നടത്താനും അക്കാലത്ത് മികവ് പ്രകടിപ്പിച്ചിരുന്നു അദ്ദേഹം.
ഭരണഘടനാപരവും അല്ലാത്തതുമായ സങ്കീർണ പ്രശ്നങ്ങൾ അച്ചടക്കം വിടാതെ അതിവേഗത്തിൽ പരിഹരിക്കാനുള്ള കഴിവാണ് മറ്റൊരു സവിശേഷത. വ്യത്യസ്ത ചിന്താഗതിക്കാരെ ഏകോപിപ്പിക്കാനുള്ള കഴിവിന്‍റെ പേരിൽ പലപ്പോഴും "ക്രൈസിസ് മാനെജർ' എന്ന തരത്തിൽ ബിജെപി നേതൃത്വം ആശ്രയിക്കാറുണ്ട് ജോഷിയെ.
പരീക്ഷാ സംവിധാനത്തിൽ വിദ്യാർഥികളുടെ വിശ്വാസം വീണ്ടെടുക്കുക എന്നതാണു ജോഷിക്കു മുന്നിലുള്ള ആദ്യ ചുമതല. ഇതിനായി നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനം അടിമുടി പരിഷ്കരിക്കേണ്ടിവരും.
അടുത്തവർഷം മുതൽ പരീക്ഷാ സംവിധാനം കംപ്യൂട്ടർ അധിഷ്ഠിതമാക്കുമെന്ന് ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള കുറ്റമറ്റ സംവിധാനങ്ങൾ അതിവേഗത്തിൽ പൂർത്തീകരിക്കുകയെന്നതാണ് മറ്റൊരു കടമ്പ. ചോദ്യച്ചോർച്ച തടയാൻ പുതിയ ബിൽ ഇന്നു പാർലമെന്‍റിന്‍റെ പരിഗണനയ്ക്കു വരുന്നുണ്ട്. ഈ ബിൽ പാസായാൽ ഇതിലെ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ജോഷി മുൻകൈയെടുക്കേണ്ടി വരും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കൽ, ഉന്നതവിദ്യാഭ്യാസ രംഗത്തെ അക്രഡിറ്റേഷൻ പരിഷ്കാരങ്ങൾ, നൈപുണ്യ വികസന പരിപാടികൾ എന്നിവ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് പുതിയ ചുമതലയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.