സൗജന്യ ഗ്യാസ് സിലിണ്ടർ, വിവാഹസമ്മാനമായി ഒരു പവൻ സ്വർണം; വിജയ്‌യെ കാത്തിരിക്കുന്നത് വെല്ലുവിളികൾ

കുടുംബനാഥകളായ സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ, നവജാത ശിശുക്കൾക്ക് വസ്ത്രങ്ങളും സോപ്പും അവശ്യവസ്തുക്കളും സ്വർണ മോതിരവും
Challenges await Vijay

വിജയ്

MV Graphics

Updated on

ന്യൂഡൽഹി: തമിഴകത്ത് പുതിയൊരു ചരിത്രത്തിനു തുടക്കമിട്ട നടൻ വിജയ്‌ ഭരണതലത്തിൽ നേരിടാനിരിക്കുന്നത് വലിയ വെല്ലുവിളികൾ. 234 അംഗ നിയമസഭയിൽ 35 ശതമാനം വോട്ടും 108 സീറ്റുകളുമായാണു വിജയ്‌യുടെ ടിവികെ ഭരണത്തിലേക്കു ചുവടുവയ്ക്കുന്നത്. ചെറുകക്ഷികളുടെ പിന്തുണ സ്വീകരിച്ചു മാത്രമേ സർക്കാർ രൂപീകരിക്കാനാകൂ എന്നത് വരുന്ന അഞ്ചു വർഷവും വിജയ്‌ക്കു നൽകുന്ന സമ്മർദം ചെറുതായിരിക്കില്ല.

യുവാക്കളുടെ വലിയ പിന്തുണയാണ് സൂപ്പർ താരത്തിന് രാഷ്‌ട്രീയത്തിൽ സ്വപ്ന സമാന തുടക്കം സമ്മാനിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് വിജയം ഒരു പടി മാത്രമാണ്. സിനിമ സംവിധായകനും തിരക്കഥാകൃത്തും താരവും നിർമാതാവുമെല്ലാം ചേർന്ന ടീംവർക്കാണ്. വിജയത്തിന്‍റെ ക്രെഡിറ്റ് നായകനാണു ലഭിക്കുന്നതെങ്കിലും യഥാർഥ അവകാശികളായി പിന്നിൽ നിരവധി പേരുണ്ട്. ഭരണത്തിലും പാർട്ടിയിലും ടീം വർക്കിനെ നയിക്കേണ്ടത് നേതാവാണ്. അതിൽ വിജയ്‌യുടെ മികവാകും ഇനിയുള്ള നാളുകളിൽ പരീക്ഷിക്കപ്പെടുക.

മുൻഗാമികളായ എംജിആറും ജയലളിതയും പെട്ടെന്നൊരു ദിനം രാഷ്‌ട്രീയത്തിൽ നേതൃത്വം ഏറ്റെടുക്കുകയായിരുന്നില്ല. അണ്ണാ ദുരൈയ്ക്കും എം. കരുണാനിധിക്കുമൊപ്പം ഡിഎംകെയിലെ പ്രവർത്തനമാണ് എംജിആറിനെ ജനനേതാവായി രൂപപ്പെടുത്തിയത്. എംജിആറിന് കീഴിൽ അണ്ണാ ഡിഎംകെയുടെ സംഘടനാ തലത്തിലെ പ്രവർത്തനമായിരുന്നു ജയലളിതയുടെ രാഷ്‌ട്രീയ നിക്ഷേപം.

ക്ഷേമം, തൊഴിൽ, സംശുദ്ധ ഭരണം,മികച്ച വിദ്യാഭ്യാസം എന്നൊക്കെ റാലികളിൽ പറഞ്ഞിരുന്നു വിജയ് എങ്കിലും പാർട്ടിക്ക് ഇപ്പോഴും വ്യക്തമായൊരു പ്രത്യയശാസ്ത്രമില്ല. സർക്കാരിനു ദിശാബോധമുണ്ടാകണമെങ്കിൽ പാർട്ടിക്ക് കൃത്യമായ ധാരണയും പ്രത്യയശാസ്ത്രവുമുണ്ടായേ മതിയാകൂ. ഇവയെല്ലാം താരത്തിനു മുന്നിലുള്ള വെല്ലുവിളികളാണ്.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കാണാതെയുള്ള വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവച്ചിരിക്കുന്നത്. വിവാഹിതയാകുന്ന പെൺകുട്ടിക്ക് ഒരു പവൻ സ്വർണം എന്നതാണ് ഇതിലൊന്ന്. ഇപ്പോഴത്തെ വില പ്രകാരം ഒരു പവന് 1.02 ലക്ഷം രൂപ വേണ്ടിവരും. കുടുംബനാഥകളായ സ്ത്രീകൾക്ക് എല്ലാ മാസവും 2500 രൂപ, നവജാത ശിശുക്കൾക്ക് വസ്ത്രങ്ങളും സോപ്പും അവശ്യവസ്തുക്കളും സ്വർണ മോതിരവും, സ്ത്രീകൾക്ക് സംസ്ഥാനം മുഴുവൻ കോർപ്പറേഷൻ ബസിൽ സൗജന്യ യാത്ര, വർഷം എല്ലാ കുടുംബങ്ങൾക്കും ആറ് എൽപിജി സിലിണ്ടർ സൗജമ്യം തുടങ്ങിയ വാഗ്ദാനങ്ങളൊക്കെ വരുംകാലത്ത് സർക്കാരിനെ ഞെരുക്കുമെന്നുറപ്പ്.

കേന്ദ്രത്തിലെ ബിജെപി സർക്കാരുമായി ഏറ്റുമുട്ടിയിരുന്ന ഡിഎംകെയുടെ നയം തന്നെയാണ് ഹിന്ദി ഭാഷയുടെയും മണ്ഡല പുനർനിർണയത്തിന്‍റെയും കാര്യത്തിലടക്കം വിജയ് പിന്തുടരുന്നത്. സംസ്ഥാനത്ത് പ്രതിപക്ഷവുമായുള്ള ഏറ്റുമുട്ടലിനൊപ്പം കേന്ദ്ര സർക്കാരിനെതിരായ സമരവും ഒരുമിച്ചു കൊണ്ടുപോകാൻ വലിയ രാഷ്‌ട്രീയ ചാതുര്യം പുലർത്തേണ്ടിവരും. ഇതിലും വിജയ് വിജയിക്കുമോ എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

logo
Metro Vaartha
www.metrovaartha.com