ജയിലിനു മുകളിൽ ഡ്രോണുകൾ, രഹസ്യക്യാമറയുമായി തടവുപുള്ളി; ജയിലിൽ സുരക്ഷാ വീഴ്ചയെന്ന പരാതിയുമായി നായിഡു

ഡ്രോണുകൾ ജയിലിനു മുകളിൽ കണ്ടിട്ടും പൊലീസ് ഇതിനെതിരേ യാതൊരു നടപടിയും സ്വീകരിച്ചില്ല. അധികാരത്തിലിരിക്കുന്നവരാണ് അതിനു പുറകിലെന്നും അദ്ദേഹം ആരോപിക്കുന്നു.
എൻ. ചന്ദ്ര ബാബു നായിഡു
എൻ. ചന്ദ്ര ബാബു നായിഡു

രാജമഹേന്ദ്രവാരം: ജയിലിൽ സുരക്ഷാ വീഴ്ച ഉണ്ടായതായി പരാതിപ്പെട്ട് ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്ര ബാബു നായിഡു. കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നായിഡു പ്രത്യേക കോടതിക്കു പരാതി സമർപ്പിച്ചിട്ടുണ്ട്. സ്കിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കേസിൽ സെപ്റ്റംബർ 5നാണ് നായിഡു അറസ്റ്റിലായത്. നിലവിൽ രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിലാണ് നായിഡു.

ജയിലിനു മുകളിൽ രണ്ടു തവ‍ണ ഡ്രോണുകൾ വട്ടം കറങ്ങുന്നതായി കണ്ടെന്നും പല തവണ തന്‍റെ അനുവാദമില്ലാതെ ഫോട്ടോയും വിഡിയോയും പകർത്തിയെന്നുമാണ് നായിഡു ആരോപിക്കുന്നത്. തന്‍റെ ജീവൻ ആപത്തിലാണെന്നും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എസിബി കോടതി ജഡ്ജി ബി എസ് വി ഹിമ ബിന്ദുവിനാണ് നായിഡു കത്തയച്ചിരിക്കുന്നത്.

ഡ്രോണുകൾ ജയിലിനു മുകളിൽ കണ്ടിട്ടും പൊലീസ് ഇതിനെതിരേ യാതൊരു നടപടിയും സ്വീകരിച്ചില്ല. അധികാരത്തിലിരിക്കുന്നവരാണ് അതിനു പുറകിലെന്നും അദ്ദേഹം ആരോപിക്കുന്നു. ഒക്റ്റോബർ 6ന് തന്‍റെ കുടുംബം തന്നെ സന്ദർശിക്കാനായി എത്തിയപ്പോഴും ഡ്രോണുകൾ ആകാശത്തു പറക്കുന്നതായി ശ്രദ്ധയിൽ പെട്ടു. ജയിലിൽ നിന്നുമുള്ള തന്‍റെ ദൃശ്യങ്ങൾ പൊലീസുകാർ തന്നെ ചോർത്തി സമൂഹമാധ്യങ്ങളിൽ പ്രചരിപ്പിക്കുന്നത് തന്‍റെ അഭിമാനത്തിന് ക്ഷതം വരുത്തുമെന്നും അദ്ദേഹം ആരോപിക്കുന്നു. ലഹരിക്കടത്തുകേസിൽ റിമാൻഡിലായ ഒരു പ്രതി പേനയിൽ ഘടിപ്പിച്ച രഹസ്യക്യാമറയുമായാണ് ജയിലിൽ കഴിയുന്നതെന്നും നായിഡു ആരോപിക്കുന്നുണ്ട്.

ഇവയ്ക്കെല്ലാം ഉപരി ഇടതു തീവ്രവാദിസംഘടനകൾ തന്നെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിക്കൊണ്ട് കിഴക്കൻ ഗോദാവരി ജില്ലാ പൊലീസ് സൂപ്രണ്ടിന് കത്തയച്ചതായും നായിഡു പറയുന്നു. ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്ത് ജയിലിനകത്തും പുറത്തും കൂടുതൽ ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നാണ് നായിഡു ആവശ്യപ്പെട്ടിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com