
ബംഗളൂരു: ചന്ദ്രയാൻ 3ലെ റോവർ ചന്ദ്രനിലെ ദൗത്യം പൂർത്തിയാക്കിയെന്ന് ഇസ്രൊ. റോവറിനെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി നിർത്തി. വിക്രം ലാൻഡറിനെയും പ്രജ്ഞാൻ റോവറിനെയും സ്ലീപ് മോഡിലാക്കിയെന്നും ഇസ്രൊ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. ചന്ദ്രനിലെ പകൽ അവസാനിച്ചതിനാലാണ് ഇവയുടെ പ്രവർത്തനം നിർത്തി സ്ലീപ് മോഡിലാക്കിയത്.
റോവറിലെ എപിഎക്സ്എസ്, എൽഐബിസ് എന്നീ ഉപകരണങ്ങൾ "ഓഫ്' ചെയ്തു. ഈ ഉപകരണങ്ങൾ ശേഖരിച്ച വിവരങ്ങൾ വിക്രം ലാൻഡർ വഴിയാണ് ഇസ്രൊ കേന്ദ്രത്തിലേക്കു കൈമാറുന്നത്. നിലവിൽ റോവറിലെ ബാറ്ററി പൂർണമായി ചാർജ് ചെയ്തിട്ടുണ്ട്. സോളാർ പാനലുകൾ അടുത്ത സൂര്യോദയത്തിൽ സൂര്യപ്രകാശം സ്വീകരിക്കാനാകുന്ന വിധത്തിൽ നിവർത്തിവച്ചു. 22ന് ചന്ദ്രനിൽ വീണ്ടും സൂര്യോദയമുണ്ടാകും. അന്ന് റോവർ വീണ്ടും പ്രവർത്തിച്ചു തുടങ്ങുമെന്നു കരുതുന്നു. ഇല്ലെങ്കിൽ അത് എക്കാലവും ഇന്ത്യയുടെ അംബാസഡറായി ചന്ദ്രനിൽ തുടരുമെന്ന് ഇസ്രൊ സമൂഹമാധ്യമത്തിൽ കുറിച്ചു.
ലാൻഡറിൽ നിന്നു 100 മീറ്റർ അകലെയാണു റോവർ. അതേസമയം, നാസയുടെ സഹായത്തോടെ നിര്‍മിച്ച ലാന്‍ഡറിലെ ലേസര്‍ റിട്രോറിഫ്ലെക്റ്റർ അറേ ഉപകരണം പ്രവര്‍ത്തനം തുടരും. ഒരു ചാന്ദ്രദിനമാണ് (ഭൂമിയിലെ 14 ദിവസം) ചന്ദ്രോപരിതലത്തിലിറങ്ങിയ ലാന്‍ഡറിനും റോവറിനും കാലാവധി നിശ്ചയിച്ചിരുന്നത്. രാത്രിയില്‍ ചന്ദ്രനില്‍ താപനില മൈനസ് 200 ഡിഗ്രിയിലും താഴെയാകാനുള്ള സാധ്യതയുണ്ട്. ഈ ശൈത്യത്തെ അതിജീവിക്കാൻ പേടകത്തില ഉപകരണങ്ങൾക്കു കഴിയുമോ എന്നതിൽ ഉറപ്പില്ല.