
ന്യൂഡൽഹി: ബഹിരാകാശ പര്യവേഷണത്തിൽ പുതു ചരിത്രം കുറിക്കാൻ ഇന്ത്യയുടെ ചന്ദ്രയാൻ-3 ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡിങ്ങിനുള്ള അവസാനവട്ട തയാറെടുപ്പിൽ. 40 ദിവസം നീണ്ട കാത്തിരിപ്പിനാണ് ഇന്ന് ഫലം പ്രതീക്ഷിക്കുന്നത്.
ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യുൾ ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കാൻ തയാറെടുക്കുകയാണ്.
5.45ന് ഭ്രമണപഥത്തിൽ നിന്ന് ലാൻഡർ താഴ്ത്താനാരംഭിക്കും. തുടർന്ന് 6.04 ഓടെ വിക്രം ലാൻഡർ ചന്ദ്രനെ സ്പർശിക്കുമെന്നാണ് കണക്കാക്കുന്നത്. ലാൻഡർ ഇറങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചന്ദ്രോപരിതലത്തിന്‍റെ ചിത്രങ്ങൾ ചന്ദ്രയാൻ-2 ഓർബിറ്റർ വഴി ഭൂമിയിലെ കൺട്രോൾ സെന്‍ററിലെത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്.
ദൗത്യം വിജയിച്ചാൽ ദക്ഷിണധ്രുവത്തിൽ ഉപഗ്രഹം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രനിൽ സ്പർശിക്കാനും റോബോട്ടിക് ചാന്ദ്ര റോവർ ഇറക്കാനും കഴിഞ്ഞാൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് സാങ്കേതികവിദ്യ നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ലാൻഡിങ്ങിനുള്ള സ്ഥലം അനുയോജ്യമല്ലെന്ന് ലാൻഡറിന് തോന്നിയാൽ ദൗത്യം ഓഗസ്റ്റ് 27ലേക്ക് നീട്ടുമെന്നാണ് സൂചന.
ലാൻഡ് ചെയ്ത ശേഷം നാലു മണിക്കൂർ നീളുന്ന പ്രക്രിയയ്‌ക്കൊടുവിലാണ് റോവർ ചന്ദ്രനിലേക്കിറങ്ങുക. ആറു ചക്രങ്ങളുള്ള പ്രജ്ഞാൻ റോവർ പതിനാല് ദിവസം ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തും. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ വിക്രം ലാൻഡറിലേക്കാണു കൈമാറുക. അവിടെനിന്ന് ബംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിലേക്കും. റോവറിന് നേരിട്ട് ഭൂമിയിലേക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കില്ല.
ചന്ദ്രനിലെ ഒരു ദിവസമാണ് ഭൂമിയിൽ പതിനാല് ദിവസം. ഈ കാലപരിധി അവസാനിക്കുന്നതോടെ ചന്ദ്രനിൽ സൂര്യൻ അസ്തമിക്കും. അവിടത്തെ രാത്രി താപനില പൂജ്യത്തിനു താഴെ 238 ഡിഗ്രി വരെ താഴും. ഈ ഘട്ടം അതിജീവിക്കാൻ ലാൻഡറിനും റോവറിനും സാധിക്കുമെന്നു പ്രതീക്ഷിക്കുന്നില്ല. പരമാവധി ഒരു രാത്രി കൂടി മാത്രമാണ് അതിജീവനത്തിന്‍റെ നേരിയ സാധ്യതയെങ്കിലുമുള്ളതെന്നും ഐഎസ്ആർഒ നേരത്തെ വ്യക്തമാക്കിയിരുന്നു.