

ജസ്റ്റിസ് യശ്വന്ത് വർമ
File
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വർമക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞതായി ലോക്‌സഭാ സ്പീക്കർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. വിശദീകരിക്കാത്ത പണത്തിന്‍റെ സാന്നിധ്യം, തെളിവുകൾ നശിപ്പിക്കൽ, വ്യക്തതയില്ലാത്ത വിശദീകരണങ്ങൾ തുടങ്ങിയ കുറ്റങ്ങൾ അദ്ദേഹത്തിനെതിരേ തെളിഞ്ഞതായി സമിതി വ്യക്തമാക്കി.
ബുധനാഴ്ച ഇരുസഭകളിലുമായി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജഡ്ജസ് (ഇൻക്വയറി) ആക്റ്റ് പ്രകാരം രൂപീകരിച്ച മൂന്നംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഔദ്യോഗിക വസതിയിലെ സ്റ്റോർ റൂമിൽ കണ്ടെത്തിയ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ ജസ്റ്റിസ് വർമയ്ക്ക് കഴിഞ്ഞില്ലെന്ന് സമിതി കണ്ടെത്തി. കൂടാതെ, നിയമപരമായി മുദ്രവയ്ക്കുന്നതിനും പരിശോധിക്കുന്നതിനും മുൻപ് സ്റ്റോർ റൂമിലെ തെളിവുകൾ മാറ്റിയതായും സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
ജസ്റ്റിസ് വർമയുടെ ഭാഗത്തുനിന്നും സുതാര്യതയോ ഔദ്യോഗിക ഉത്തരവാദിത്വമോ ഉണ്ടായില്ലെന്നും, സ്വതന്ത്ര സാക്ഷികളുടെ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അദ്ദേഹത്തിന്‍റെ വിശദീകരണങ്ങൾ തൃപ്തികരമല്ലായിരുന്നുവെന്നും സമിതി കണ്ടെത്തി.
2025 മാർച്ച് 14-ന് രാത്രി ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിൽ തീപിടിത്തമുണ്ടായിരുന്നു. തീ അണയ്ക്കാൻ എത്തിയ അഗ്നിശമന സേനാംഗങ്ങളാണ് സ്റ്റോർ റൂമിൽ കത്തിക്കരിഞ്ഞ നിലയിൽ വലിയ തോതിൽ പണം കണ്ടെത്തിയത്.
ഇദ്ദേഹത്തെ പാർലമെന്‍റ് നടപടിയിലൂടെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇരുന്നൂറോളം എംപിമാർ രംഗത്തെത്തിയിരുന്നു. ഇതിനെത്തുടർന്ന് ജസ്റ്റിസ് വർമ രാജി സമർപ്പിച്ചിരുന്നെങ്കിലും, നിയമ മന്ത്രാലയം ഇതുവരെ അത് വിജ്ഞാപനം ചെയ്തിട്ടില്ല.