ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

എഐ ചിത്രങ്ങൾ പങ്കുവച്ചത് കോൺഗ്രസിന്‍റെ കേരള ഘടകവും ബിജെപിയുടെ തെലങ്കാന ഘടകവും
AI images shared by the Congress and the BJP.

കോൺഗ്രസും ബിജെപിയും പങ്കുവച്ച എഐ ചിത്രങ്ങൾ

Updated on

ന്യൂഡൽഹി: ചാറ്റ്ജിപിടി ഉപയോഗിച്ച് 1980കളിലെ ഫിലിം ക്യാമറയിൽ പകർത്തിയതുപോലുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്ന ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്. എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളുമായി കോൺഗ്രസും ബിജെപിയും സമൂഹമാധ്യമങ്ങളിൽ പരസ്പരം പരിഹാസവുമായി രംഗത്തെത്തി.

ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരുമായ കിരൺ റിജിജുവും പീയുഷ് ഗോയലും ഉൾപ്പെടെയുള്ളവർ ട്രെൻഡിൽ പങ്കാളികളായി. ‘എല്ലാവരും എന്തുകൊണ്ടാണ് 80കളിലേക്ക് തിരിച്ചുപോകുന്നത്? ഞാനും 80കളുടെ ഗൃഹാതുരതയിലേക്ക് പോകാൻ നിർബന്ധിതനായിരിക്കുന്നു’ എന്നായിരുന്നു റിജിജുവിന്‍റെ എക്സ് പോസ്റ്റ്. ‘80കളിലെ ട്രെൻഡിനൊപ്പം വൈബ് ചെയ്യുന്നു’ എന്നായിരുന്നു പീയുഷ് ഗോയലിന്‍റെ പ്രതികരണം.

എന്നാൽ അധികം വൈകാതെ ട്രെൻഡ് രാഷ്ട്രീയ പരിഹാസത്തിനുള്ള ആയുധമായി മാറി. കോൺഗ്രസിന്‍റെ കേരള ഘടകം പങ്കുവച്ച എഐ ചിത്രം ഇതിന് തുടക്കമിട്ടു. മാരുതി സുസുക്കി ഓമ്നി വാനിന്‍റെ മുൻസീറ്റിൽ ഇരിക്കുന്ന കഷണ്ടിയുള്ള ഒരാളുടെ ചിത്രമായിരുന്നു ഇത്. ‘80കളിലെ ഗുജറാത്തിലെ ഒരു തെരുവ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം. റോഡരികിലെ ചുമരിലെ പോസ്റ്ററിൽ ഹിന്ദിയിൽ ‘പുഞ്ചിരിക്കൂ, നിങ്ങൾ ഡൽഹിയിലാണ്’ എന്നും എഴുതിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ആണ് പരോക്ഷമായി ഉദ്ദേശിച്ചത്.

ഗുജറാത്തുമായി ബന്ധപ്പെട്ട രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള പരോക്ഷ പരിഹാസമാണ് ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്ന് നിരവധി പേർ കമന്‍റ് ചെയ്തു. 1984ൽ ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കി പുറത്തിറക്കിയ ഓമ്നി വാൻ ബോളിവുഡ് സിനിമകളിൽ ഗുണ്ടകളുടെയും വില്ലന്മാരുടെയും വാഹനമായി പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് വാനിന് ‘കിഡ്നാപ്പിങ് വാൻ’ എന്ന പരിഹാസപ്പേരും ലഭിച്ചിരുന്നു.

ഇതിന് മറുപടിയായി ബിജെപിയുടെ തെലങ്കാന ഘടകം മറ്റൊരു എഐ ചിത്രം പങ്കുവച്ചു. ബാറിനുള്ളിൽ മേശപ്പുറത്ത് ചുവന്ന വസ്ത്രം ധരിച്ച സ്ത്രീ നൃത്തം ചെയ്യുന്ന ചിത്രമായിരുന്നു ഇത്. പിന്നിൽ മദ്യക്കുപ്പികൾ നിറച്ച ചില്ല് അലമാരകളും ചിത്രത്തിലുണ്ടായിരുന്നു. കോൺഗ്രസിന്‍റെ വാൻ ചിത്രം റീപോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ബിജെപിയുടെ ചിത്രം പങ്കുവച്ചത്. ‘ലൂസിയാന, ഇറ്റലി. ഏകദേശം 1970കൾ’ എന്നായിരുന്നു ചിത്രത്തോടൊപ്പമുള്ള കുറിപ്പ്. ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും സോണിയ ഗാന്ധി ജനിച്ച ഇറ്റലിയിലെ പട്ടണത്തെയാണ് പോസ്റ്റ് പരോക്ഷമായി സൂചിപ്പിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ജനപ്രിയമായിരുന്ന ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ പരിഹാസപ്പോരിനും വേദിയായി.

1980കളിലെ ചിത്രങ്ങളുടെ രൂപഭാവം നൽകുന്ന ചാറ്റ്ജിപിടി ട്രെൻഡാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഫിലിം ക്യാമറയുടെ ലുക്ക്, ഫിലിം ഗ്രെയിൻ, മങ്ങിയ പശ്ചാത്തലം, വർണാഭമായ വസ്ത്രങ്ങൾ, തീയതി രേഖപ്പെടുത്തിയ ഫോട്ടോ ശൈലി എന്നിവയാണ് ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത.

logo
Metro Vaartha
www.metrovaartha.com