മതംമാറ്റം, മനുഷ്യക്കടത്ത്: കന്യാസ്ത്രീകൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

ഗോത്രവർഗക്കാരായ പെൺകുട്ടികളെ കന്യാസ്ത്രീകൾ മതം മാറ്റാൻ ശ്രമിച്ചെന്നും, മനുഷ്യക്കടത്തിനുള്ള നീക്കമാണ് നടന്നതെന്നും വിഷ്ണു ദേവ സായ് ആരോപിച്ചു
Chattisgarh CM against arrested Kerala nuns

ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്

Updated on

റായ്പുർ: ചത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി വിഷ്ണു ദേവ സായ്. ഗോത്രവർഗക്കാരായ പെൺകുട്ടികളെ കന്യാസ്ത്രീകൾ മതം മാറ്റാൻ ശ്രമിച്ചെന്നും, മനുഷ്യക്കടത്തിനുള്ള നീക്കമാണ് നടന്നതെന്നും വിഷ്ണു ദേവ സായ് ആരോപിച്ചു. വിഷയത്തെ രാഷ്‌ട്രീയ‌വത്കരിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കന്യാസ്ത്രീകളുടെ അറസ്റ്റ‌ുമായി ബ‌ന്ധപ്പെട്ട് സംസ്ഥാന സർക്കാർ വളരെ ഗൗരവത്തോടെ കാര്യങ്ങളെ നിരീക്ഷിക്കുകയാണ്. മനുഷ്യക്കടത്തും മതപരിവർത്തനശ്രമവും അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് നടന്നിട്ടുള്ളത്-വിഷ്ണു ദേവ സായ് പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയുമായും മതസ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട വിഷയമാണിത്. നിർഭാഗ്യവശാൽ ചിലർ പ്രശ്നത്തെ രാഷ്‌ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം സംഭവങ്ങളോട് ഒരു സഹിഷ്ണുതയും കാട്ടില്ലെന്നും വിഷ്ണു ദേവ സായ് വ്യക്തമാക്കി.

നാരായൺപുർ ജില്ലയിലെ ഗ്രോത മേഖലയായ ബസ്തറിലെ മൂന്നു പെൺകുട്ടികളെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ചതിന് കത്തോലിക്ക സഭയിലെ കന്യാസ്ത്രീകളായ പ്രീത മേരി, വന്ദന ഫ്രാൻസിസ് എന്നിവരാണ് 25ന് അറസ്റ്റിലായത്. ദർഗ് റെയ്‌ൽവേ സ്റ്റേഷനിൽ പെൺകുട്ടികളുമായെത്തിയ സുക്മൻ മാണ്ഡവി എന്നയാളും പിടിയിലായിരുന്നു. പെൺകുട്ടികളെ ആഗ്രയിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം.

ബജ്റംഗ് ദൾ പ്രവർത്തകരുടെ ഇടപെടലാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. നഴ്സിങ് പരിശീലനവും തൊഴിലവസരവും വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ വലയിലാക്കിയത്. കരിയറിൽ മുന്നേറ്റത്തിന് അവസരം ഒരുക്കാമെന്ന വ്യാജ വാഗ്ദാനം നൽകി ആദിവാസി പെൺകുട്ടികളെ വളരെ തന്ത്രപരമായി കുടുക്കിയതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

ഗോത്രവർഗ മേഖലയായ ബസ്തർ കേന്ദ്രീകരിച്ച് മതപരിവർത്തനവും മനുഷ്യക്കടത്തും വ്യാപകമാണെന്ന ആരോപണം ശക്തമാണ്. തുടർ വിദ്യാഭ്യാസത്തിന്‍റെയും തൊഴിൽ സാധ്യതകളുടെയും മറവിലാണ് പെൺകുട്ടികളെ സംസ്ഥാനത്ത് നിന്ന് കടത്തുന്നത്. ഈ പെൺകുട്ടികൾ കടുത്ത ചൂഷണത്തിനും നിർബന്ധിത മതപരിവർത്തനത്തിനും വിധേയരാകുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ അറസ്റ്റിൽ യുഡിഎഫ് എംപിമാർ പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം ഉയർത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com