

ദേവേന്ദ്ര ഫഡ്നാവിസ്, രാഹുൽ ഗാന്ധി
മുംബൈ: 10 ദിവസത്തിലേറെയായി മഹാരാഷ്ട്രയിലെ പുനെയിൽ ആദിവാസി വിദ‍്യാർഥികൾ നടത്തുന്ന സമരത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ‍്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് കത്തെഴുതിയെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി ആദ‍്യം കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലെയും കർണാടകയിലെയും ആദിവാസി ക്ഷേമ വകുപ്പിന്‍റെയും ഹോസ്റ്റലുകളുടെയും പ്രവർത്തനം പരിശോധിക്കണമെന്ന് ബിജെപി ആവശ‍്യപ്പെട്ടു.
ആദിവാസി വിഭാഗങ്ങളെയും വിദ‍്യാർഥികളെയും സംരക്ഷിക്കാൻ മഹാരാഷ്ട്ര സർക്കാരിന് സാധിക്കുമെന്നും ആദ‍്യം തെറ്റ് ചെയ്ത് പിന്നീട് നടപടി സ്വീകരിക്കുമ്പോൾ ബഹളം വയ്ക്കുകയെന്ന രീതിയാണ് രാഹുൽ പിന്തുടരുന്നതെന്നും ഭരണകക്ഷി ആരോപിച്ചു.
സമരരംഗത്തുള്ള വിദ‍്യാർഥികൾ പഠിക്കുന്ന മഹാരാഷ്ട്രയിലെ ചില ആദിവാസി സ്കൂളുകളുമായി ബന്ധമുള്ള കോൺഗ്രസ് നേതാക്കളെ സംരക്ഷിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും ബിജെപി പറഞ്ഞു. മഹാരാഷ്ട്രയിൽ വിദ‍്യാർഥികൾ പ്രതിഷേധിക്കുന്ന ആദിവാസി സ്കൂളുകൾ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണെന്ന് ബിജെപി ആരോപണം ഉന്നയിച്ചു.
കോൺഗ്രസ് അധികാരത്തിലെത്തിയ സമയം സ്കൂളുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും അവ ദുരുപയോഗം ചെയ്തതായും ബിജെപി പറഞ്ഞു. മഹാരാഷ്ട്രയിലെ വിദ‍്യാർഥി സമരം 10 ദിവസം പിന്നിട്ട സാഹചര‍്യത്തിലായിരുന്നു രാഹുൽ ഗാന്ധി മുഖ‍്യമന്ത്രിക്ക് തുറന്ന കത്തെഴുതിയത്.
ഗോത്രവർഗ വിദ‍്യാർഥികൾക്കു വേണ്ടി പുറപ്പെടുവിച്ച പുതിയ സർക്കാർ നയങ്ങൾ അവരുടെ ആത്മാഭിമാനം ഇല്ലാതാക്കുന്നുവെന്നും പുനെയിൽ പ്രതിഷേധിക്കുന്ന വിദ‍്യാർഥികളുമായി മുഖ‍്യമന്ത്രി കൂടിക്കാഴ്ച നടത്തണമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ കത്തിലെ ആവശ‍്യം.
30 വയസിന് മുകളിലുള്ളവർക്ക് ഹോസ്റ്റലിൽ താമസിക്കാൻ അനുവാദമില്ലെന്നും ഏറെ നാളത്തെ അവധി കഴിഞ്ഞ് ഹോസ്റ്റലിലെത്തുന്ന വിദ‍്യാർഥിനികൾ നിർബന്ധിത ഗർഭ പരിശോധന നടത്തണമെന്ന തരത്തിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരേയും ഹോസ്റ്റലിലെ അടിസ്ഥാന സൗകര‍്യങ്ങൾക്കെതിരേയുമാണ് വിദ‍്യാർഥികൾ സമരം നടത്തുന്നത്.