
ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റക്കുഞ്ഞു കൂടി ചത്തതായി വനം വകുപ്പ് അറിയിച്ചു. ഇതോടെ ദേശീയോദ്യാനത്തിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ ചത്ത ചീറ്റകളുടെ എണ്ണം നാലായി. ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച മൂന്ന് ചീറ്റകൾ മുൻപ് ചത്തിരുന്നു.
നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ജ്വാല എന്ന ചീറ്റ നാലു കുഞ്ഞുങ്ങളെ പ്രസവിച്ചിരുന്നു. അതിലൊരു കുഞ്ഞിന് ജനിച്ചപ്പോൾ മുതലേ അനാരോഗ്യം ഉണ്ടായിരുന്നുവെന്നും വേണ്ടത്ര ചികിത്സ ലഭ്യമാക്കിയിട്ടും ജീവൻ രക്ഷിക്കാനായില്ലെന്നുമാണ് വനം വകുപ്പ് പറയുന്നത്. രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് ചത്തത്.
മാർച്ചിലാണ് ജ്വാല നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ച് 70 വർഷങ്ങൾക്കു ശേഷമാണ് ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ എത്തിച്ചത്. നിലവിൽ മൂന്നു കുഞ്ഞു ചീറ്റകളടക്കം 20 ചീറ്റകളാണ് ദേശീയോദ്യാനത്തിൽ ശേഷിക്കുന്നത്.