"ഞാൻ ബർഗർ തിന്നാൽ കുറ്റം, മുടി മുറിച്ചാൽ കുറ്റം"; എന്തു ചെയ്താലും ട്രോൾ ചെയ്യപ്പെടുന്നെന്ന് ചെന്നൈ മേയർ

മേയറായി ചുമതലയേറ്റതിനു ശേഷം താൻ ചെയ്യുന്ന ലളിതമായ കാര്യങ്ങൾ പോലും പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമാവുകയാണ്
chennai mayor r priya on social media troll

ആർ. പ്രിയ

Updated on: 

തനിക്കെതിരേ സോഷ്യൽ മീഡിയയിൽ ഉയരുന്ന ട്രോളുകൾക്കെതിരേ രൂക്ഷ വിമർശനവുമായി ചെന്നൈ മേയർ ആർ. പ്രിയ. ബർഗർ കഴിച്ചതിന്‍റേയും മുടിമുറിച്ചതിന്‍റേയും പേരിൽ താൻ ട്രോൾ ചെയ്യപ്പെടുകയാണ് എന്നാണ് മേയർ പറഞ്ഞത്. മേയറായി ചുമതലയേറ്റതിനു ശേഷം താൻ ചെയ്യുന്ന ലളിതമായ കാര്യങ്ങൾ പോലും പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമാവുകയാണ് എന്നാണ് പ്രിയ പറഞ്ഞത്.

ചെന്നൈ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പുതിയ ഹെയർ സ്റ്റൈലുമായി എത്തിയ പ്രിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിലർ ചിത്രം ഉപയോഗിച്ച് ട്രോളുകളുണ്ടാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് രൂക്ഷ വിമർശനവുമായി മേയർ തന്നെ രംഗത്തെത്തിയത്. ഞാൻ ഒരു ബർഗർ കഴിച്ചാൽ പ്രശ്നമാണ്. എന്‍റെ മുടി മുറിച്ചാൽ അതും പ്രശ്നം. ഞാൻ വ്യക്തിപരമായി എടുക്കുന്ന ഓരോ തീരുമാനവും ചോദ്യം ചെയ്യപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നതായി തോന്നുന്നു.- എന്നാണ് പ്രിയ പറഞ്ഞത്.

ഒരു സ്ത്രീ ആയതുകൊണ്ടാണോ ഇങ്ങനെ വിലയിരുത്തപ്പെടുന്നത് എന്ന് സംശയമുണ്ടെന്ന് പ്രിയ പറയുന്നു. സ്ത്രീകൾക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്നവരും ഫെമിനിസ്റ്റുകളും എവിടെയാണെന്നും മേയർ ചോദിച്ചു. പിന്നാലെ പ്രിയയ്ക്ക് പിന്തുണയുമായി ഡിഎംകെ എംപി കനിമൊഴി രംഗത്തെത്തി. മേയർക്കെതിരേ നിരന്തരമായി ഉയരുന്ന വിമർശനങ്ങളെ ശക്തമായി അപലപിക്കുന്നതായി കനിമൊഴി എക്സിൽ കുറിച്ചു.

logo
Metro Vaartha
www.metrovaartha.com