മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം
Chennamma Deve Gowda

ചെന്നമ്മ ദേവഗൗഡ

Updated on

ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം. ബെംഗളൂരുവിൽ ശനിയാഴ്ചയായിരുന്നു അന്ത്യം.

ബെംഗളൂരുവിലെ ഓൾഡ് എയർപോർട്ട് റോഡിലുള്ള മണിപ്പാൽ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയാണ് ചെന്നമ്മയെ പ്രവേശിപ്പിച്ചത്. ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാൽ ശനിയാഴ്ച വൈകിട്ട് നാലുമണിയോടെ ഗുരുതരമായ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ദേവഗൗഡയും മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും കുടുംബാംഗങ്ങളും ആശുപത്രിയിൽ ഉണ്ടായിരുന്നു.

1954ലാണ് ചെന്നമ്മയും ദേവെഗൗഡയും വിവാഹിതരായത്. നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണ് ഇവർക്കുള്ളത്. മക്കളിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഹാസൻ ജില്ലയിലെ ഹൊളേനരസിപുര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ എച്ച്.ഡി. രേവണ്ണയും ഉൾപ്പെടുന്നു.

2001 ഫെബ്രുവരിയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ ആസിഡ് ആക്രമണത്തെ അതിജീവിച്ച വ്യക്തിയായിരുന്നു ചെന്നമ്മ. രാഷ്ട്രീയത്തിലെ അതിപ്രശസ്തനായ നേതാവിന്‍റെ ഭാര്യയും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ മാതാവുമായിരുന്നെങ്കിലും ചെന്നമ്മ പൊതുജീവിതത്തിൽ നിന്ന് ഏറെ അകന്നുനിന്നിരുന്നു. തന്‍റെ രാഷ്ട്രീയജീവിതത്തിൽ കുടുംബത്തിന്‍റെ എല്ലാ ചുമതലകളും ഏറ്റെടുത്ത് ശക്തമായ പിന്തുണ നൽകിയ ഭാര്യയുടെ ത്യാഗങ്ങളും സമർപ്പണവും ദേവഗൗഡ പല വേദികളിലും അനുസ്മരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com