

രാജ്പാൽ യാദവ്
ന്യൂഡൽഹി: ചെക്ക് ബൗൺസ് കേസുകളിൽ കുടിശ്ശികയുള്ള രണ്ട് കോടി രൂപ അടയ്ക്കുന്നതിനായി ബോളിവുഡ് നടൻ രാജ്പാൽ യാദവിന് അവസാനമായി രണ്ടാഴ്ചത്തെ സമയം നൽകി സുപ്രീം കോടതി. തുക സുപ്രീം കോടതി രജിസ്ട്രിയിൽ നിക്ഷേപിക്കാനും കോടതി നിർദേശിച്ചു. കൂടാതെ രാജ്പാലിന്‍റെ ഇടക്കാല ജാമ്യം ഒക്റ്റോബർ അഞ്ച് വരെ നീട്ടുകയും ചെയ്തു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്പാൽ യാദവിന് അവസാന അവസരം നൽകിയത്. “ഡ്രാമ ചെയ്യുന്നതിൽ അദ്ദേഹം മിടുക്കനാണ്, പക്ഷേ ഈ കോടതിയുടെ മുമ്പിൽ അത് നടക്കില്ല. കോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ചിട്ടില്ല”- എന്ന് ബെഞ്ച് നിരീക്ഷിച്ചു. രാജ്പാൽ യാദവിന്‍റെ പെരുമാറ്റം വിശ്വാസം നൽകുന്നില്ലെന്നും കോടതി പറഞ്ഞു. എങ്കിലും അവസാന അവസരം നൽകാൻ കോടതി തീരുമാനിക്കുകയായിരുന്നു. കേസ് ഇനി ഒക്റ്റോബർ അഞ്ചിന് പരിഗണിക്കും.
2010ൽ ഒരു സിനിമയ്ക്കായി സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അഞ്ച് കോടി രൂപ രാജ്പാൽ യാദവ് വായ്പ എടുത്തിരുന്നു. എന്നാൽ തിരിച്ചടവായി 2013ൽ രാജ്പാൽ 1.05 കോടി രൂപ വീതമുള്ള ഏഴ് ചെക്കുകൾ നൽകിയെങ്കിലും മടങ്ങിയതോടെയാണ് കേസായത്. ജൂലൈ 10ന് ഡൽഹി ഹൈക്കോടതി വിവിധ ചെക്ക് ബൗൺസ് കേസുകളിൽ രാജ്പാൽ യാദവിന് മൂന്ന് മാസം തടവുശിക്ഷ വിധിച്ചിരുന്നു.