
സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശ ലംഘനം; ഛത്തീസ്ഗഡ് ഹൈക്കോടതി
ന്യൂഡല്‍ഹി: സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കാൻ നിർബന്ധിക്കരുതെന്ന് ഛത്തിസ്ഗഡ് ഹൈക്കോടതി. കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും ഹൈക്കോടതി വിധിച്ചു.
കന്യകാത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് മൗലികാവകാശങ്ങൾക്കും സ്വാഭാവിക നീതിയുടെ തത്വങ്ങൾക്കും സ്ത്രീയുടെ സ്വകാര്യതയ്ക്കും എതിരായിരിക്കും. മൗലികാവകാശങ്ങളുടെ കാതലായ ആര്‍ട്ടിക്കിള്‍ 21ന്‍റെ ലംഘനമാണിതെന്നും കോടതി ഊന്നിപ്പറഞ്ഞു. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് കന്യകാത്വ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ വർമയുടെ നിരീക്ഷണം.
2024 ഒക്റ്റോബർ 15ലെ കുടുംബ കോടതിയുടെ ഇടക്കാല അപേക്ഷ തള്ളിയ ഉത്തരവിനെയാണ് ചോദ്യം ചെയ്തത്. 2023 ഏപ്രിൽ 30ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. കോർബ ജില്ലയിലെ ഭർത്താവിന്‍റെ കുടുംബ വസതിയിലാണ് ഇവര്‍ ഒരുമിച്ച് താമസിച്ചിരുന്നത്. ഭർത്താവ് ബലഹീനനാണെന്നും ഒരുമിച്ച് ജീവിക്കാൻ വിസമ്മതിച്ചുവെന്നും ഭാര്യയും ആരോപിച്ചിരുന്നു.