

90കാരിയായ അമ്മായിയമ്മയെ തോളിലേറ്റി നടന്നത് 9 കിലോമീറ്റർ, പെൻഷൻ വാങ്ങാൻ ദുരിതയാത്ര
90 വയസുകാരിയായ ഭർതൃമാതാവിനേയും തോളിലേറ്റി പൊരിവെയിലിലൂടെ 9 കിലോമീറ്റർ നടന്ന് വീട്ടമ്മ. ബാങ്കിൽ നിന്ന് പെൻഷൻ വാങ്ങാൻ വേണ്ടിയാണ് അമ്മായിയമ്മയേയും തോളിലേറ്റി നടക്കേണ്ടിവന്നത്. ഛത്തീസ്ഗഢ് സർഗുജ ജില്ലയിലെ മെയിൻപത്തിലാണ് സംഭവമുണ്ടായത്.
സുഖ്മാനിയ ഭായ് എന്ന സ്ത്രീയ്ക്കാണ് പ്രായമായ അമ്മയേയും ചുമന്ന് 9 കിലോമീറ്റർ നടക്കേണ്ടതായി വന്നത്. വനത്തിനോട് ചേർന്നു കിടക്കുന്ന സ്ഥലമായതിനാൽ ഇവിടെ ഗതാഗത സൗകര്യങ്ങളില്ല. പ്രദേശവാസികൾക്ക് എല്ലാ കാര്യങ്ങൾക്കും നടന്നു പോകേണ്ട അവസ്ഥയാണ് ഉള്ളത്. 90 വയസായ അമ്മയ്ക്ക് അത്ര ദൂരം നടക്കാൻ സാധിക്കാത്തതിനാലാണ് സുഖ്മാനിയ തോളിൽ എടുത്തത്.
മാസങ്ങളായി അമ്മയേയും എടുത്താണ് ഇവർ ബാങ്കിൽ പോകുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമടക്കാൻ നേരിട്ട് ചെല്ലണം എന്നുള്ളതിനാലാണ് അമ്മയേയും തോളിലേറ്റി പോകേണ്ടിവരുന്നത് എന്നാണ് സുഖ്മാനിയ പറയുന്നത്. ഇതിന്‍റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.