
AI image
ബംഗളൂരു: തെരുവുനായകൾക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനായുള്ള പദ്ധതി നടപ്പാക്കുമെന്ന് ബംഗളൂരു കോർപ്പറേഷൻ. ദിവസം ഒരു നേരം കോഴിയിറച്ചിയും ചോറും നൽകാനാണ് തീരുമാനം. ഓരോ നായയ്ക്കു 150 ഗ്രാം ഇറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ എന്നിവ അടങ്ങിയ ഭക്ഷണമാണ് പദ്ധതി പ്രകാരം നൽകുക.5000 തെരുവുനായകൾക്ക് ഭക്ഷണം നൽകാനാണ് കോർപ്പറേഷന്‍റെ നീക്കം.
ഒരു നായയ്ക്ക് ഭക്ഷണം നൽകുന്നതിനായി 22.42 രൂപയാണ് ഒരു ദിവസം കോർപ്പറേഷന് ചെലവ്. ഒരു വർഷത്തേക്ക് ഈ പദ്ധതിക്കായി മാത്രം 2.9 കോടി രൂപയാണ് കോർപ്പറേഷൻ നീക്കി വച്ചിരിക്കുന്നത്. മുൻപ് തെരുവുനായകൾക്ക് കോർപ്പറേഷൻ ഭക്ഷണം നൽകിയിരുന്നെങ്കിലും ഇറച്ചി നൽകാൻ തീരുമാനിക്കുന്നത് ആദ്യമായാണ്.
ആനിമൽ വെൽഫെയർ ബോർഡിന്‍റെ നിർദേശങ്ങളും മൃഗസംരക്ഷണ മാർഗരേഖയും അനുസരിച്ചാണ് പദ്ധതി. ശരിയായ അളവിൽ ഭക്ഷണം നൽകുന്നതിലൂടെ തെരുവുനായകളിലെ അക്രമാസക്തി കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും കോർപ്പറേഷൻ സ്പെഷൽ കമ്മിഷണർ സുരാൽകർ വ്യാസ് പറയുന്നു. കോർപ്പറേഷൻ തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്.