പി. ചിദംബരം
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായിരുന്നു, അതിന് ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവൻ വിലനൽകേണ്ടി വന്നു: പി. ചിദംബരം
സിംല: പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ 1984ൽ നടത്തിയ "ഓപ്പറേഷൻ ബ്ലൂ സ്റ്റാർ' തെറ്റായിരുന്നെന്നു മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. ഈ തെറ്റിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് സ്വന്തം ജീവൻ വില നൽകേണ്ടിവന്നെന്നും അദ്ദേഹം. ഹിമാചൽ പ്രദേശിലെ കസൗലിയിൽ ഖുഷ്‌വന്ത് സിങ് സാഹിത്യോത്സവത്തിൽ ഒരു പുസ്തക പ്രകാശനച്ചടങ്ങിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1984 ജൂൺ ഒന്നു മുതൽ 10 വരെയായിരുന്നു അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ സിഖ് ഭീകരൻ ജർണയിൽ സിങ് ഭിന്ദ്രൻ വാലയെ ലക്ഷ്യമിട്ടു നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ. അതേ വർഷം അംഗരക്ഷകരായ സിഖ് സൈനികരുടെ വെടിയേറ്റ് ഇന്ദിര ഗാന്ധിക്ക് ജീവൻ നഷ്ടമായി. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സൈന്യം, ഇന്‍റരിജൻസ്, പൊലീസ് തുടങ്ങി എല്ലാവരുടെയും ചേർന്നുള്ള പിഴവായിരുന്നു. ഇന്ദിരയെ മാത്രമായി കുറ്റപ്പെടുത്താനാവില്ല. എന്നാൽ, അവർക്കാണു ജീവൻ വില നൽകേണ്ടിവന്നത്. സുവർണ ക്ഷേത്രം തിരിച്ചുപിടിക്കാനുള്ള ശരിയായ മാർഗമായിരുന്നില്ല ഓപ്പറേഷൻ ബ്ലൂസ്റ്റാർ. 1986-88ൽ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ ഇക്കാര്യം തെളിയിച്ചെന്നും ചിദംബരം പറഞ്ഞു.
മതവും രാഷ്‌ട്രീയവും കൂട്ടിക്കുഴച്ചതാണ് ഇന്ദിരയ്ക്കു പറ്റിയ തെറ്റെന്ന് മാധ്യമപ്രവർത്തക ഹരീന്ദർ ബജ്‌വ പറഞ്ഞു. അകാലികൾക്കു മേൽ നിയന്ത്രണം സ്വന്തമാക്കാൻ ഇന്ദിര ഭിന്ദ്രൻ വാലയെ ഉപയോഗിച്ചു. അതു തികച്ചും തെറ്റായ ആശയമായിരുന്നെന്നും ബജ്‌വ പറഞ്ഞു.
അതേസമയം, ചിദംബരത്തിന്‍റെ പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അസംതപ്തിയുണ്ടാക്കിയിട്ടുണ്ട്. പാർട്ടിക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തുന്നതിനു മുൻപ് ആലോചന വേണമെന്നു മുതിർന്ന നേതൃത്വം പ്രതികരിച്ചു. പാർട്ടിയിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും നേടിയശേഷം തുടർച്ചയായി പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുന്ന പരസ്യ പ്രസ്താവന നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണു നേതൃത്വത്തിന്‍റെ നിലപാട്. മുംബൈ ഭീകരാക്രമണമുണ്ടായപ്പോൾ തിരിച്ചടിക്കണമെന്നായിരുന്നു തന്‍റെ നിലപാടെന്നും അന്നത്തെ യുപിഎ സർക്കാർ അന്താരാഷ്‌ട്ര സമ്മർദത്തിനു വഴങ്ങി സംയമനം പാലിക്കുകയായിരുന്നെന്നും കഴിഞ്ഞ ദിവസം ചിദംബരം പറഞ്ഞിരുന്നു. ഇത് കോൺഗ്രസിനു കടുത്ത ക്ഷീണമായിരുന്നു.
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ദേശീയ അനിവാര്യത ആയിരുന്നില്ല, മറിച്ച് രാഷ്‌ട്രീയ എടുത്തുചാട്ടമായിരുന്നെന്നാണ് ചിദംബരത്തിന്‍റെ പ്രസ്താവന തെളിയിക്കുന്നതെന്നു ബിജെപി പ്രതികരിച്ചു. മുംബൈ ഭീകരാക്രമണത്തിനു തിരിച്ചടി നൽകാത്തത് യുഎസിന്‍റെയും വിദേശശക്തികളുടെയും സമ്മർദത്തിനു വഴങ്ങിയാണെന്നു വെളിപ്പെടുത്തിയതിനു പിന്നാലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറും തെറ്റായിരുന്നെന്ന് ചിദംബരം സമ്മതിക്കുകയാണെന്നു കേന്ദ്ര മന്ത്രി കിരൺ റിജിജു സമൂഹമാധ്യമത്തിൽ കുറിച്ചു.