

ബ്രിക്സിന്‍റെ നേട്ടങ്ങൾ എണ്ണിപറഞ്ഞ് ശശി തരൂർ
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടികളിൽനിന്ന് ഇന്ത്യയ്ക്ക് ലഭിച്ച വ്യക്തമായ നേട്ടങ്ങളെ ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തിയതിന് പിന്നാലെ ബ്രിക്സിനെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യയുടെ നയതന്ത്ര സ്വാധീനം വ്യക്തമാക്കുന്ന വേദിയാണ് ബ്രിക്സ് എന്ന് ശശി തരൂർ പറഞ്ഞു. ഗ്ലോബൽ സൗത്തിന്‍റെ പ്രധാന വേദിയെന്ന നിലയിലും ബ്രിക്സിന് പ്രാധാന്യമുണ്ടെന്നും തരൂർ വ്യക്തമാക്കി. ചിദംബരം ബ്രിക്സിന്‍റെ നേട്ടങ്ങളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് നേട്ടങ്ങൾ എണ്ണിപറഞ്ഞ് തരൂർ രംഗത്തുവന്നത്. ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു തരൂർ.
11 ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് ലോക ജനസംഖ്യയുടെ ഭൂരിഭാഗത്തെയും ആഗോള ജിഡിപിയുടെ 41 ശതമാനത്തെയും പ്രതിനിധീകരിക്കുന്നുണ്ട്. ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തിന് വലിയ അഭിമാനമുള്ള കാര്യമാണ്. ബ്രിക്സ് അംഗരാജ്യങ്ങളിൽനിന്നും നിരീക്ഷക രാജ്യങ്ങളിൽനിന്നുമായി നിരവധി രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും ഇന്ത്യയിലെത്തുന്നത് രാജ്യത്തിന്‍റെ നയതന്ത്രപരമായ സമ്മേളനശേഷി വ്യക്തമാക്കുന്നതാണെന്നും തരൂർ പറഞ്ഞു.
അതേസമയം, ബ്രിക്സിന് നേട്ടങ്ങൾ മാത്രമല്ല, വെല്ലുവിളികളും ഉണ്ടെന്ന് തരൂർ ചൂണ്ടിക്കാട്ടി. അംഗരാജ്യങ്ങൾക്കിടയിൽ വിവിധ ആഗോള വിഷയങ്ങളിൽ ഏകാഭിപ്രായത്തിലെത്തുന്നത് ബുദ്ധിമുട്ടാണെന്ന് തരൂർ പറഞ്ഞു. ഇറാൻ യുദ്ധവും റഷ്യ-യുക്രെയ്ൻ സംഘർഷവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബ്രിക്സ് വിദേശകാര്യ മന്ത്രിമാർക്ക് സംയുക്ത പ്രസ്താവനയിൽ ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. പകരം ഇന്ത്യ അധ്യക്ഷരാജ്യമെന്ന നിലയിൽ സ്വന്തം പ്രഖ്യാപനം പുറത്തിറക്കേണ്ടിവന്നത് ഈ ഭിന്നതകളുടെ ഉദാഹരണമാണെന്നും തരൂർ പറഞ്ഞു. സമാന സാഹചര്യം വീണ്ടും ഉണ്ടായാൽ അത് ബ്രിക്സിന്‍റെ അടിസ്ഥാനപരമായ ഏകോപനമില്ലായ്മയുടെ സൂചനയായി വിലയിരുത്തപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്സ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര അസന്തുലിതാവസ്ഥയും തരൂർ ചൂണ്ടിക്കാട്ടി. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വളരുന്നുണ്ടെങ്കിലും അത് പലപ്പോഴും ഇന്ത്യയ്ക്ക് പ്രതികൂലമായാണ് മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്സ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞപ്പോൾ അവിടെനിന്നുള്ള ഇറക്കുമതി വർധിച്ചുവെന്നും തരൂർ വ്യക്തമാക്കി.
തരൂരിന്‍റെ പ്രതികരണത്തിന് ഒരു ദിവസം മുൻപാണ് ബ്രിക്സ് ഉച്ചകോടികളിൽ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച നേട്ടങ്ങളെ ചിദംബരം ചോദ്യം ചെയ്തത്. കഴിഞ്ഞ രണ്ടോ മൂന്നോ ബ്രിക്സ് ഉച്ചകോടികളിൽനിന്ന് കാര്യമായ ഫലങ്ങളോ നേട്ടങ്ങളോ ഉണ്ടായതായി തനിക്ക് തോന്നുന്നില്ലെന്നായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം.