

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു പിന്നാലെ വിരമിച്ചതിനു ശേഷമുള്ള തന്‍റെ പ്ലാനുകൾ പങ്കുവച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഇത് തന്‍റെ അവസാനത്തെ വാർത്താ സമ്മേളനമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വരുന്ന ഫെബ്രുവരി വരെയാണ് അദ്ദേഹത്തിന് സർവീസ് കാലാവധിയുള്ളത്.
പിന്നാലെ വിരമിക്കലിനു ശേഷം എന്താണ് പദ്ധതിയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഹിമാലയത്തിൽ ധ്യാനത്തിനായി പേയേക്കുമെന്നുമെന്നും സ്വയം മാനസിക ശുദ്ധി വരുത്തുമെന്നും അദ്ദേഹം മറുപടി നൽകി.
2022 മെയ് 15 ആണ് രാജീവ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. 3 വർഷക്കാലയളവിൽ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ്, ജമ്മു കശ്മീർ, മാഹാരാഷ്ട്ര , ഝാർഖണ്ഡ്, ഹരിയാന ഇപ്പോൾ ഡൽഹി എന്നീ നിയമസഭാ തെരഞ്ഞെടുപ്പുകളും അദ്ദേഹം നിയന്ത്രിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്നതിനു മുൻപ് രാജീവ് കുമാർ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. 3.38 ലക്ഷം ഷെൽ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് രാജീവ് കുമാർ ധനകാര്യ സെക്രട്ടറിയായിരിക്കെ എടുത്ത പ്രധാന തീരുമാനങ്ങളിലൊന്നാണ്.