
തെരുവുനായകളെ നീക്കം ചെയ്യണമെന്ന ഉത്തരവിനെതിരായ ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി
ന്യൂഡൽഹി: ഡൽഹി എൻസിആറിലെ ജനവാസമേഖലയിൽ നിന്ന് എല്ലാ തെരുവുനായ്ക്കളെയും നീക്കം ചെയ്യണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരായ ഹർജികൾ പരിഗണിക്കാനായി മാറ്റി ചീഫ് ജസ്റ്റിൽ ബി.ആർ. ഗവായി. നിരവധി പേർ ഈ ഉത്തരവിനെ പിന്തുണച്ചെങ്കിലും ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്.
നടനും മൃഗാവകാശ അഭിഭാഷകനുമായ ജോൺ എബ്രഹാം ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് ഇത് സംബന്ധിച്ച് അടിയന്തര അപ്പീൽ നൽകി. മനുഷ്യത്വരഹിതവുമായ നടപടി എന്ന് അദ്ദേഹം വിശേഷിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. തുടർന്ന് ബുധനാഴ്ച ഹർജികൾ പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരകുന്നു.
തിങ്കളാഴ്ചയാണ് ഡൽഹി എൻസിആറിലെ ജനവാസമേഖലയിൽ നിന്ന് എല്ലാ തെരുവുനായ്ക്കളെയും എട്ടാഴ്ചക്കുള്ളിൽ മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. തെരുവുനായ്ക്കളുടെ ആക്രമണവും പേ വിഷബാധ മൂലമുള്ള മരണവും വർധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസ്മാരായ ജെ.ബി. പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.