
ഗോഹട്ടി: ശൈശവ വിവാഹത്തിനെതിരേ അസം സർക്കാർ നടത്തിയ പ്രത്യേക പരിശോധനയിൽ അറസ്റ്റിലായവരുടെ എണ്ണം 2170. രജിസ്റ്റർ ചെയ്തത് 4074 കേസുകൾ.
അറസ്റ്റിലായവരിൽ പുരോഹിതരും ഖാസികളുമായി 52 പേരുണ്ടെന്നും അസം പൊലീസ്. സംസ്ഥാനത്ത് വ്യാപകമായി ശൈശവ വിവാഹം നടക്കുന്നുവെന്ന വിവരത്തെത്തുടർന്നാണു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രത്യേക പരിശോധനയ്ക്കു നിർദേശിച്ചത്. വരുംദിവസങ്ങളിലും പരിശോധന തുടരും. അറസ്റ്റിലായവർക്കെതിരേ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചുമത്തുമെന്ന് ഡിജിപി ജി.പി. സിങ്.
ധുബ്രി, ബാർപേട്ട, കൊക്രാഝർ, വിശ്വനാഥ് ജില്ലകളിലാണ് കൂടുതൽ കേസുകളും അറസ്റ്റും. രണ്ടു മാസം മുൻപാണ് ഇക്കാര്യത്തിൽ വിശദ അന്വേഷണത്തിനു മുഖ്യമന്ത്രി നിർദേശിച്ചതെന്നു ഡിജിപി സിങ്. തുടർന്ന് ജില്ലാ പൊലീസ് സൂപ്രണ്ടുമാർ ഓരോ ഗ്രാമത്തലവന്മാരുമായും വിവിധ സമുദായങ്ങളുടെ നേതാക്കളുമായും പുരോഹിതരുമായി ബന്ധം പുലർത്തി. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളനുസരിച്ചാണു 2020 മുതൽ 2022 വരെ നടന്ന ശൈശവ വിവാഹങ്ങളുടെ പൂർണ ചിത്രം ലഭിച്ചതെന്നും സിങ്.
സംസ്ഥാനത്തെ ഉയര്‍ന്ന മാതൃ-ശിശു മരണനിരക്കിന് കാരണം ശൈശവവിവാഹങ്ങളാണെന്ന് മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. അസമിലെ വിവാഹങ്ങളില്‍ 31 ശതമാനത്തോളം ശൈശവ വിവാഹങ്ങളെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ശൈശവവിവാഹങ്ങളാണ്. ഈ സാഹചര്യത്തിലാണ് ശൈശവ വിവാഹ നിരോധന നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പെൺകുട്ടികൾ 22-24 വയസിൽ വിവാഹിതരാകുന്നതാണു നല്ലതെന്നു നേരത്തേ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നു.