

അധ്യാപികയെ മസാജ് ചെയ്ത് കുട്ടികൾ; വീഡിയോ വൈറൽ
ലഖ്നൗ: ക്ലാസ്മുറിയിൽ വച്ച് വിദ്യാർഥിനികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് അധ്യാപിക. ഉത്തർപ്രദേശിലെ ചിത്രകൂടിലെ പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപികയാണ് മസാജ് ചെയ്യിച്ചിരിക്കുന്നത്. ഇതിന്‍റെ വീഡിയോ പുറത്തുവന്നതോടെ അധ്യാപികയെ സസ്പെന്‍റ് ചെയ്തു.
ചിത്രകൂടിലെ നയാബസാറിലെ പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപികയായ മധുറായ് ആണ് സ്കൂൾ സമയത്ത് വിദ്യാർഥിനികളെ കൊണ്ട് ശരീരമാകെ മസാജ് ചെയ്യിപ്പിച്ചത്. ക്ലാസ് മുറിയിലെ നിലത്ത് അധ്യാപിക കിടക്കുന്നതും ഒരു വിദ്യാർഥിനി ബെഞ്ചിലിരുന്ന് കാലു കൊണ്ട് ചവിട്ടി മസാജ് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. ഈസമയം അധ്യാപിക ഫോണിൽ നോക്കി കൊണ്ടിരിക്കുകയാണ്. മറ്റ് കുട്ടികളും അടുത്ത് നിൽക്കുന്നുണ്ട്.
വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വിദ്യാഭ്യാസവകുപ്പ് പെട്ടെന്ന് തന്നെ നടപടിയെടുക്കുകയായിരുന്നു. അധ്യാപിക സ്ഥിരമായി മസാജ് ചെയ്യിപ്പിക്കാറുണ്ടെന്ന് കുട്ടികൾ പറഞ്ഞതായാണ് വിവരം. അതേസമയം വീഡിയോ എഐ സഹായത്തോടെ വ്യാജമായി നിർമിച്ചതാണെന്നാണ് അധ്യാപിക പറയുന്നത്.