
ന്യൂഡൽഹി: പേരുമാറ്റുന്നതിൽ ഉപരിയായി രാജ്യാന്തര തലത്തിൽ സ്വാധീനം വർധിപ്പിക്കാനും സാമ്പത്തിക നേട്ടം കൈവരിക്കാനുമുള്ള ചർച്ചകൾക്കാണ് ഇന്ത്യ പ്രാധാന്യം നൽകേണ്ടതെന്ന് ചൈന. ജി.20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതിയുടെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നതിനു പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ചൈനയുടെ പരാമർശം. ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സമ്പദ് വ്യവസ്‍ഥയിൽ മാറ്റം കൊണ്ടു വന്നാൽ മാത്രമേ ഇന്ത്യയ്ക്ക് മികച്ച നേട്ടം കൈവരിക്കാനാവൂ. വിദേശ നിക്ഷേപം കൂട്ടാനായി കൂടുതൽ ഉദാരമായ വ്യാപാര നയം ഇന്ത്യ സ്വീകരിക്കേണ്ടതുണ്ട്. വിദേശ നിക്ഷേപകർക്ക് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാനുള്ള സൗകര്യം നല്‍കണം. ലോക ശ്രദ്ധ മുഴുവൻ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലാണെന്നും ഈ അവസരത്തിൽ പേരുമാറ്റുന്നതിനേക്കാൾ ഇക്കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതാണ് നല്ലതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.