ചൈനീസ് പതാകയുള്ള റോക്കറ്റിന്‍റെ ചിത്രം ഉൾപ്പെടുത്തിയ തമിഴ്‌നാട് സർക്കാർ പരസ്യം.
ചൈനീസ് പതാകയുള്ള റോക്കറ്റിന്‍റെ ചിത്രം ഉൾപ്പെടുത്തിയ തമിഴ്‌നാട് സർക്കാർ പരസ്യം.

തമിഴ്നാട് സർക്കാർ പരസ്യത്തിൽ ചൈനീസ് പതാകയുള്ള റോക്കറ്റ്

ഇന്ത്യയുടെയും നേട്ടങ്ങളെയും ഇന്ത്യൻ ശാസ്ത്രജ്ഞരെയും അവഹേളിക്കുന്ന പരസ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Published on

ചെന്നൈ: കുലശേഖരപട്ടണത്ത് ഇസ്രൊ വിക്ഷേപണ കേന്ദ്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട പരസ്യത്തിൽ ചൈനീസ് പതാകയുള്ള റോക്കറ്റിന്‍റെ ചിത്രം ഉൾപ്പെടുത്തിയത് തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ വിവാദത്തിലാക്കി. പുതിയ വിക്ഷേപണ കേന്ദ്രം ഡിഎംകെ സർക്കാരിന്‍റെ നേട്ടമായി ചിത്രീകരിക്കുന്ന പരസ്യത്തിലാണ് അബദ്ധം പിണഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെയും ചിത്രത്തിനു പശ്ചാത്തലമായി ചൈനീസ് റോക്കറ്റിന്‍റെ ചിത്രം നൽകിയത് ഇന്ത്യയുടെ നേട്ടങ്ങളെ ഡിഎംകെ വിലകുറച്ചു കാണുന്നതിന്‍റെ തെളിവാണെന്ന് മോദി പറഞ്ഞു. പരസ്യം ഇന്ത്യൻ ശാസ്ത്രജ്ഞരെ അപമാനിക്കുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ഡിഎംകെ മന്ത്രി അനിത ആർ. രാധാകൃഷ്ണനാണ് വിവാദ പോസ്റ്റർ പങ്കുവച്ചത്.

കേന്ദ്ര പദ്ധതികളോട് ഡിഎംകെ സർക്കാർ മുഖം തിരിക്കുകയാണെന്നും പാർലമെന്‍റിൽ അയോധ്യ രാമക്ഷേത്രത്തെക്കുറിച്ചുള്ള ചർച്ചയിൽ നിന്ന് അവർ ഇറങ്ങിപ്പോയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര പദ്ധതികൾ ഡിഎംകെ തങ്ങളുടേതാക്കി അവതരിപ്പിക്കുന്നത് പുതുമയല്ല. എന്നാൽ, ഇത്തവണ അവർ എല്ലാ അതിരുകളും ലംഘിച്ചു. ഇസ്രൊയുടെ നേട്ടങ്ങളെ ചൈനയുടെ സ്റ്റിക്കർ പതിച്ച് അപഹരിച്ചു എന്നും പ്രധാനമന്ത്രി.

ഇന്ത്യൻ ശാസ്ത്രജ്ഞരെ അപമാനിക്കുകയും ചൈനയെ പ്രകീർത്തിക്കുകയുമാണ് ഡിഎംകെ. ബഹിരാകാശ രംഗത്ത് രാജ്യത്തിന്‍റെ നേട്ടങ്ങളെ ഉയർത്തിക്കാട്ടാൻ സ്റ്റാലിന്‍റെ പാർട്ടിക്ക് താത്പര്യമില്ലെന്നും നികുതിദായകരുടെ പണം രാഷ്‌ട്രീയനേട്ടത്തിനായി മാറ്റുകയാണെന്നും മോദി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com