
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തം; കെഎസ്‌സിഎ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ ജേതാക്കൾക്കുളള സ്വീകരണത്തിനിടെയുണ്ടായ ദുരന്തത്തിൽ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കർണാടക ഹൈക്കോടതി. കേസ് പരിഗണിക്കുന്നതു വരെ അറസ്റ്റ് ഉൾപ്പെടെയുളള നടപടികൾ തടഞ്ഞുകൊണ്ടാണ് ഉത്തരവ്.
കെഎസ്‌സിഎ ഭാരവാഹികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് എസ്.ആർ. കൃഷ്ണ കുമാറിന്‍റെ ബെഞ്ചിന്‍റേതാണ് ഉത്തരവ്. കെഎസ്‌സിഎ പ്രസിഡന്‍റ് എ. രഘുറാം ഭട്ട് അടക്കമുളളവർ അറസ്റ്റിനെതിരേ കോടതിയെ സമീപിച്ചിരുന്നു.
വെളളിയാഴ്ച രാവിലെ കെഎസ്‌സിഎ സെക്രട്ടറിയുടെയും ട്രഷററുടെയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ ഇന്‍റലിജിൻസ് എഡിജിപി ഹേമന്ത് നിംബൾക്കാരെ സസ്പെൻഡ് ചെയ്തു.
സിറ്റി പൊലീസ് കമ്മീഷണർ അടക്കമുളളവരെ പുറത്താക്കിയിട്ടും ഹേമന്തിനെതിരേ നടപടി എടുക്കാത്തതിൽ ആരോപണം ഉയർന്നിരുന്നു.
എന്നാൽ, കേസിൽ നാലു പേർ അറസ്റ്റിലായിട്ടുണ്ട്. കർണാടക ക്രിക്കറ്റ് അസോസിയേഷന്‍, ആര്‍സിബി, ഇവന്‍റ് മാനെജ്മെന്‍റ് കമ്പനി എന്നിവയുടെ അംഗങ്ങളാണ് അറസ്റ്റിലായത്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്.