

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ
നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച. ശ്വാസതടസവും ചുമയും അനുഭവപ്പെട്ട നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോധാനി ഗ്രാമത്തിലെ ജലശുദ്ധീകരണ പ്ലാന്‍റിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം.
900 കിലോഗ്രാം ശേഷിയുള്ള ക്ലോറിൻ വാതക സിലിണ്ടറിൽ നിന്നാണ് ചോർച്ചയുണ്ടായത്. വാതകം സമീപത്തെ ജനവാസ മേഖലകളിലേക്കും വ്യാപിച്ചതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. നിരവധി പേർക്ക് ചുമയും ശ്വസിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ടതായി നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
തുടർന്ന് പൊലീസ് 200 മീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും മേഖലയിൽ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. സമീപ പ്രദേശങ്ങളിലെ താമസക്കാരോടും മാറിത്താമസിക്കാൻ നിർദേശിച്ചു. നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. നാഗ്പുരിൽ കുടിവെള്ള വിതരണം നടത്തുന്ന ഓറഞ്ച് സിറ്റി വാട്ടർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ജീവനക്കാരും ദേശീയ ദുരന്തനിവാരണ സേനയും സംഘവും രക്ഷാപ്രവർത്തനത്തിനെത്തി. പുലർച്ചെ 5.30ഓടെയാണ് വാതക ചോർച്ച നിയന്ത്രണവിധേയമാക്കിയത്.