

ഗുരുദ്വാരയിൽ കയറാൻ വിസമ്മതിച്ചു; സൈനികനെ പിരിച്ചുവിട്ടത് കോടതി ശരിവച്ചു
Supreme court
ന്യൂഡൽഹി: ഗുരുദ്വാരിൽ കയറാൻ വിസമ്മതിച്ച ക്രിസ്ത്യൻ കരസേന ഉദ്യോഗസ്ഥനെ പുറത്താക്കിയ നടപടി ശരിവച്ച് സുപ്രീം കോടതി. രൂക്ഷ വിമർശനത്തോടെയാണ് കോടതി ഉത്തരവ് ശരിവച്ചത്. ദുഷ്ടനായ മനുഷ്യൻ, അയോഗ്യൻ എന്നീ വിശേഷണങ്ങളും കോടതി പുറപ്പെടുവിട്ടു. സിഖുകാരനായ സഹ സൈനികരുടെ വിശ്വാസത്തെ ബഹുമാനിക്കാത്ത നടപടി വളരെ മോശമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അച്ചടക്കം പുലർത്തേണ്ട സൈനികർ ഇതിലൂടെ അർഥമാക്കുന്നതെന്താണെന്ന് ചോദിച്ച കോടതി ഇയാളെ പുറത്താക്കിയത് മികച്ച നടപടിയാണെന്നും വിലയിരുത്തി. ചിലപ്പോൾ അദ്ദേഹം മികച്ച ഒരു ഓഫിസറായിരിക്കാം, എന്നാൽ അദ്ദേഹത്തെ ഇന്ത്യൻ ആർമിക്ക് ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സാമുവൽ കലകേശൻ എന്ന ഉദ്യോഗസ്ഥനെയാണ് സേനയിൽ നിന്നും പുറത്താക്കിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെടുന്ന സുപ്രീം കോടതി ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഗുരുദ്വാരിൽ കയറാനുള്ള മേലുദ്യോഗസ്ഥന്‍റെ നിർദേശം തള്ളിയ അദ്ദേഹം അത് തന്‍റെ ഏകദൈവമായ യേശുവിന്‍റെ വിശ്വാസത്തിനെതിരാണെന്ന് വാദിക്കുകയായിരുന്നു. തുടർന്നാണ് സാമുവലിനെതിരേ സേന നടപടിയെടുത്തത്.