

മാത്യു വാൻഡൈക്ക്
ന്യൂഡല്‍ഹി: ബംഗ്ലാദേശിന്‍റെയും മ്യാന്‍മറിന്‍റെയും ചില ഭാഗങ്ങളെ അടര്‍ത്തി മാറ്റി ഒരു 'ക്രിസ്റ്റ്യന്‍ രാഷ്‌ട്രം' രൂപീകരിക്കാന്‍ ശ്രമിച്ച യുഎസ് കൂലിപ്പട്ടാളക്കാരനെ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (NIA) അറസ്റ്റ് ചെയ്തു.
2024ല്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് ബംഗ്ലാദേശിന്‍റെയും മ്യാന്‍മറിന്‍റെയും ചില ഭാഗങ്ങളില്‍ നിന്ന് ഒരു 'ക്രിസ്റ്റ്യന്‍ രാഷ്‌ട്രം' രൂപീകരിക്കാന്‍ ഒരു 'വെള്ളക്കാരന്‍' ഗൂഢാലോചന നടത്തുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. അന്ന് പക്ഷേ അത് ആരും കാര്യമായി ശ്രദ്ധിച്ചില്ല.
എന്നാല്‍, രണ്ട് വര്‍ഷത്തിന് ശേഷം, വടക്കുകിഴക്കന്‍ മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു അമെരിക്കന്‍ കൂലിപ്പട്ടാളക്കാരന്‍ മാത്യു വാന്‍ഡൈക്കിനെയും ആറ് യുക്രേനിയന്‍ പൗരന്മാരെയും എന്‍ഐഎ അറസ്റ്റ് ചെയ്തതോടെയാണു ഹസീന ആരോപിച്ച കാര്യം പ്രാധാന്യമുള്ളതായിരുന്നെന്നു ബോധ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞയാഴ്ച നടന്ന ഒരു രഹസ്യ ഓപ്പറേഷനിലാണ് മാത്യു വാന്‍ഡൈക്ക് ഉള്‍പ്പെടെയുള്ള വിദേശ പൗരന്മാരെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ലോകമെമ്പാടുമുള്ള സംഘര്‍ഷ മേഖലകളിലെ സ്ഥിരം സാന്നിധ്യമാണ് അമെരിക്കന്‍ കൂലിപ്പട്ടാളക്കാരനായ മാത്യു വാന്‍ഡൈക്ക്. യുക്രെയ്‌നിലും, ഇറാഖിലുമൊക്കെ ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നു.
ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ മാത്യു വാന്‍ഡൈക്കും, ആറ് യുക്രേനിയന്‍ പൗരന്മാരും ഇന്ത്യന്‍ സംസ്ഥാനമായ മിസോറാമില്‍ നിയമവിരുദ്ധമായി പ്രവേശിച്ച് മ്യാന്‍മറിലേക്ക് കടക്കുകയായിരുന്നുവെന്ന് എന്‍ഐഎ പറഞ്ഞു. വിദേശികള്‍ക്ക് മിസോറാമില്‍ പ്രവേശിക്കുന്നതിന് ഒരു സംരക്ഷിത മേഖല പെര്‍മിറ്റ് (പിഎപി) ആവശ്യമാണ്.
മ്യാന്‍മറില്‍, വംശീയ സായുധ ഗ്രൂപ്പുകള്‍ക്ക് (ഇഎജി-എത്ത്‌നിക് ആംഡ് ഗ്രൂപ്പ്) ആയുധ പരിശീലനം നല്‍കിയതായി എന്‍ഐഎ പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിമത സംഘടനകളെ പിന്തുണയ്ക്കുന്നവരായിട്ടാണ് ഇഎജികള്‍ അറിയപ്പെടുന്നത്. മാത്യു വാന്‍ഡൈക്കും ആറ് യുക്രേനിയന്‍ വംശജരും യൂറോപ്പില്‍ നിന്ന് വന്‍തോതില്‍ ഡ്രോണുകള്‍ കൊണ്ടുവന്ന് മിസോറാമിലെ ഇഎജികള്‍ക്ക് നല്‍കിയതായി എന്‍ഐഎ കണ്ടെത്തി.
പ്രതികളെ 11 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇവരുടെ അറസ്റ്റിലൂടെ മ്യാന്‍മറിലെ സൈനിക വിരുദ്ധ സേനകള്‍ക്ക് യുഎസും മറ്റ് വിദേശ ശക്തികളും പിന്തുണ നല്‍കുന്നുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.