സിജെപി-കേന്ദ്ര സർക്കാർ ചർച്ച അവസാനിച്ചു; ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ തീരുമാനം ശനിയാഴ്ച

ധർമേന്ദ്ര പ്രധാന്‍റെ രാജി കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം തേടി സർക്കാർ
Decision on Dharmendra Pradhan's resignation on Saturday.

ധർമേന്ദ്ര പ്രധാന്‍റെ രാജിയിൽ തീരുമാനം ശനിയാഴ്ച

Updated on

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്ര സർക്കാരും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) തമ്മിലുള്ള നിർണായക ചർച്ച പൂർത്തിയായി. സിജെപി മുന്നോട്ടുവച്ച മൂന്നു ആവശ്യങ്ങളിൽ രണ്ടെണ്ണം സർക്കാർ അംഗീകരിച്ചു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന സുപ്രധാന ആവശ്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ സമയം തേടി. ശനിയാഴ്ച ഉച്ചയ്ക്ക് 2.30വരെയാണ് സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വച്ചാണ് ചർച്ച നടന്നത്. സിജെപി വക്താക്കളായ സൗരവ് ദാസും അശുതോഷ് റങ്കയുമാണ് കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെപി നഡ്ഡ എന്നിവരുമായി ചർച്ച നടത്തിയത്. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം അനുവദിക്കുക, സമരത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ മന്ത്രിമാർ അംഗീകരിച്ചു. എന്നാൽ ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന സുപ്രധാന ആവശ്യം കൂടി സിജെപി പ്രതിനിധികൾ ശക്തമായി ഉന്നയിച്ചു. ഇതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയം ആവശ്യമുണ്ടെന്ന് മന്ത്രിമാർ സിജെപി പ്രതിനിധികളോട് വ്യക്തമാക്കുകയായിരുന്നു.

ധർമേന്ദ്ര പ്രധാന്‍റെ രാജിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ അയയുന്നുവെന്നതിന്‍റെ സൂചനയാണ് സമയം തേടിയതിലൂടെ വ്യക്തമാകുന്നത്. അതേസമയം ധർമേന്ദ്ര പ്രധാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുമോ അതോ മറ്റേതെങ്കിലും മന്ത്രാലയത്തിലേക്ക് മാറ്റുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സിജെപി പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്കാണ് മന്ത്രിമാർ പോയത്. വിഷയം അമിത് ഷായുമായി ചർച്ച ചെയ്ത് തുടർനടപടികൾ വേഗത്തിലാക്കി സമരത്തിന് അവസാനം കാണാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.

logo
Metro Vaartha
www.metrovaartha.com