സിജെപി നേതാവ് സൗരവ് ദാസ് വിദേശിയോ? പൗരത്വവും കുടുംബപശ്ചാത്തലവും അന്വേഷിക്കണമെന്ന് ഹർജി; നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

സൗരവ് ദാസിന്‍റെ പാസ്‌പോർട്ടും ആധാർ കാർഡും പരിശോധിക്കണമെന്നും വിദേശ പൗരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ഇവ റദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്
Sourav Das

സൗരവ് ദാസ്

Updated on: 

ചെന്നൈ: മാധ്യമപ്രവർത്തകനും കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സഹകൺവീനറുമായ സൗരവ് ദാസിന്‍റെ പൗരത്വം, വ്യക്തിത്വം, കുടുംബപശ്ചാത്തലം എന്നിവ അന്വേഷിക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാരിനും സൗരവ് ദാസ് ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് കോടതി നോട്ടീസ് നൽകിയത്.

സൗരവ് ദാസിന്‍റെ പാസ്‌പോർട്ടും ആധാർ കാർഡും പരിശോധിക്കണമെന്നും വിദേശ പൗരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ ഇവ റദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യറിക്കെതിരേ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് അദ്ദേഹത്തിന്‍റെ എക്സ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

ഗണേഷ് കുമാർ എന്നയാൾ സമർപ്പിച്ച ഹർജിയിൽ സൗരവ് ദാസ് എന്നറിയപ്പെടുന്ന വ്യക്തിയുടെ യഥാർഥ പേര് യോഗേഷ് ശർമ എന്നാണെന്ന് പറയുന്നു. മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബപശ്ചാത്തലത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരിയും ജസ്റ്റിസ് ജി. അരുള്‍ മുരുകനും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിക്കാരന്‍റെ അഭിഭാഷകൻ ബി. ജഗന്നാഥ് ഹർജിക്കൊപ്പം സമർപ്പിച്ച രേഖകളും ദാസിന്‍റെ വിലാസവും വ്യക്തിത്വവുമായി ബന്ധപ്പെട്ട വിവരങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഒക്റ്റോബർ ഏഴിന് കേന്ദ്ര സർക്കാരിന് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടർന്ന് ബന്ധപ്പെട്ട അധികൃതരോട് വിശദീകരണം തേടിയ കോടതി ആറാഴ്ചയ്ക്കുശേഷം ഹർജി വീണ്ടും പരിഗണിക്കാൻ മാറ്റി.

അതേസമയം, സൗരവ് ദാസിന്‍റെ പൗരത്വം സംബന്ധിച്ച് അന്വേഷണം നടത്താനോ പാസ്‌പോർട്ട്, ആധാർ കാർഡ് എന്നിവ റദാക്കാനോ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ തടയാനോ കോടതി ഉത്തരവിട്ടിട്ടില്ല. ഹർജിയിലെ ആരോപണങ്ങൾ ഇനിയും പരിശോധിക്കേണ്ടതുണ്ട് എന്നതിനാലാണിത്.