

സൗരവ് ദാസ്
ന്യൂഡൽഹി: യുകെയിലെ ഓക്സ്ഫഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) സഹ കൺവീനർ സൗരവ് ദാസ്. തിങ്കളാഴ്ച രാത്രി എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്. പുലർച്ചെ ഒന്നിന് പുറപ്പെടേണ്ട വിമാനത്തിൽ കയറുന്നതിന് മുൻപ് ഇമിഗ്രേഷൻ കൗണ്ടറിൽ തടഞ്ഞതായാണ് ആരോപണം.
ഓക്സ്ഫഡ്, കേംബ്രിജ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, എഡിൻബറോ സർവകലാശാലകൾ എന്നിവിടങ്ങളിൽ 'കോക്രോച്ച് മൂവ്മെന്‍റ്' സംബന്ധിച്ച പ്രഭാഷണങ്ങൾക്കായി ക്ഷണം ലഭിച്ചിരുന്നുവെന്ന് സൗരവ് ദാസ് പറഞ്ഞു. ഓക്സ്ഫഡ് സർവകലാശാല സ്റ്റുഡന്‍റ്സ് യൂണിയൻ സംഘടിപ്പിക്കുന്ന പാനൽ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു യാത്ര. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് തന്‍റെ പാസ്പോർട്ടിന് നിയന്ത്രണമുള്ളതായി അറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
മോദി സർക്കാരിനെതിരേ വിമർശനമുന്നയിച്ച സൗരവ് ദാസ്, വിദ്യാഭ്യാസമുള്ള യുവാക്കളുടെ ബൗദ്ധിക സംവാദങ്ങളെ സർക്കാർ ഭയപ്പെടുകയാണെന്നും ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയും രംഗത്തെത്തി. അധികാരത്തിലിരിക്കുന്ന ആരോ സൗരവിന് ഓക്സ്ഫഡിൽ നിന്ന് ക്ഷണം ലഭിച്ചതിൽ അസൂയപ്പെടുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സംഭവത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.