

അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലിലേക്ക്; അജിൻക്യ ഷിൻഡെയ്ക്ക് ജാമ്യം
ന്യൂഡൽഹി: അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രവേശിച്ചതിന് കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ 5 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച രാവിലെ 8 മണിയോടെ ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.
അജിൻക്യ ഷിൻഡെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. കനത്ത സുരക്ഷാ വേലികളും പൂട്ടിയ ഗേറ്റുകളും ചാടിക്കടന്ന് ജന്തർമന്തറിൽ പ്രവേശിക്കുകയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തതിനു പിന്നാലെയാണ് നടപടി.
ജന്തർ മന്തറിലെ പൂട്ടിയിട്ട ഗേറ്റ് ചാടികടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ അശുതോഷ് രങ്ക തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. പിന്നീട് ജാഫർപൂർ പൊലീസ് സ്റ്റേഷനിലേക്ക് തങ്ങളെ കൊണ്ടുപോയെന്ന് സൗരവ് ദാസും എക്സിൽ കുറിച്ചിരുന്നു.