

കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടികാഴ്ച നടത്തുന്ന സിജെപി പ്രതിനിധികൾ
ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ സമരം നടക്കുന്നതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രതിനിധികള്‍ കൂടികാഴ്ച നടത്തി. തിങ്കളാഴ്ച നഡ്ഡയുടെ വസതിയില്‍ വച്ച് 10 മിനിട്ടായിരുന്നു കൂടികാഴ്ച. സമരക്കാരുടെ ആവശ്യങ്ങള്‍ അടങ്ങിയ കത്ത് പ്രതിനിധികള്‍ മന്ത്രിയ്ക്ക് കൈമാറി. സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരാണ് ചര്‍ച്ച നടത്തിയത്.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, സാമൂഹികപ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിനെ ഉടന്‍ മോചിപ്പിക്കുക, ആത്മഹത്യ ചെയ്ത നീറ്റ് ഉദ്യോഗാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കുക എന്നീ മൂന്നു ആവശ്യങ്ങള്‍ കത്തില്‍ ഉന്നയിച്ചു. അതേസമയം വിഷയം പരിഗണിക്കാമെന്നും എന്നാല്‍ ആവശ്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ സമയം വേണമെന്നും നഡ്ഡ പറഞ്ഞതായി സിജെപി പ്രതിനിധികള്‍ അറിയിച്ചു.
അതിനിടെ ജന്തര്‍ മന്ദറിലെ സിജെപിയുടെ സമരപന്തല്‍ ഡല്‍ഹി പൊലീസ് പൊളിച്ചുനീക്കി. അതേസമയം സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് ഇപ്പോഴും അയവ് വന്നിട്ടില്ലെന്നാണ് വിവരം.