

അരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) ജന്തർ മന്തറിൽ പ്രതിഷേധം ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്‍റെ വസതി ഡൽഹി പൊലീസ് കോട്ടയാക്കിയെന്ന് ആരോപണം. ശനിയാഴ്ചയാണ് പ്രതിഷേധം നടക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. തെരഞ്ഞെടുപ്പിൽ വോട്ട് മോഷണം നടന്നെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് സമരം. താനും കുടുംബവും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് കെജ്‌രിവാൾ വെള്ളിയാഴ്ച അറിയിച്ചിരുന്നു. യുവാക്കളോട് സമരത്തിൽ പങ്കുചേരാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
പ്രതിഷേധക്കാർ അഹിംസാപരമായ രീതിയിൽ തങ്ങളുടെ ആശങ്കകൾ അറിയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ വൻതോതിലുള്ള സുരക്ഷാ വിന്യാസം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ആം ആദ്മി പാർട്ടിയുടെ ഡൽഹി ഘടകം അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ആരോപിച്ചു.
ബലപ്രയോഗത്തിലൂടെ ജെൻ സിയെ നിശ്ശബ്ദരാക്കാനാവില്ല. ഇവർ നമ്മുടെ യുവാക്കളാണ്. അവരോട് സംസാരിക്കുകയും സംവദിക്കുകയും വേണം. ഭയക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കാണിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ നമ്മൾ ഭയക്കുന്നവരല്ല. അഹിംസയിലും ഇന്ത്യൻ ഭരണഘടനയിലുമാണ് നമുക്ക് വിശ്വാസമെന്നും ഭരദ്വാജ് വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
പ്രതിഷേധം കണക്കിലെടുത്ത് മധ്യ ഡൽഹിയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതിനും ജന്തർ മന്തറിലേക്ക് എത്തുന്നത് തടയുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.