അസമിൽ അശുതോഷ് റങ്ക ഉൾപ്പെടെ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സിജെപി

ദിസ്പുരിൽ പ്രതിപക്ഷമായ അസം ജാതീയ പരിഷത്ത് (എജെപി) നേതാവ് കുങ്കി ചൗധരിയുടെ വസതിയിൽ സിജെപി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു റങ്ക
Ashutosh Ranka

അശുതോഷ് റങ്ക

Updated on: 

ഗുവാഹത്തി: കോക്രോച്ച് ജനത പാർട്ടി (സിജെപി) സഹ കൺവീനർ അശുതോഷ് റങ്കയെയും പാർട്ടിയുടെ 40 പ്രവർത്തകരെയും അസം പൊലീസ് കസ്റ്റഡിയിലെടുത്തതായി പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചു. അസമിലെ ഗുവാഹത്തിയിൽ ഞായറാഴ്ചയാണ് സംഭവം.

കസ്റ്റഡിയിലെടുത്തതിന്‍റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ലെന്ന് അഭിജീത് പറഞ്ഞു. റങ്കയെയും പ്രവർത്തകരെയും വിട്ടയച്ചില്ലെങ്കിൽ കൂടുതൽ പാർട്ടി അംഗങ്ങളുമായി അസമിലെത്തുമെന്നും എല്ലാവരെയും അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ വെല്ലുവിളിക്കുമെന്നും അഭിജീത് വ്യക്തമാക്കി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അഭിജീത് ഇക്കാര്യം പുറത്തുവിട്ടത്.

ദിസ്പുരിൽ പ്രതിപക്ഷമായ അസം ജാതീയ പരിഷത്ത് (എജെപി) നേതാവ് കുങ്കി ചൗധരിയുടെ വസതിയിൽ സിജെപി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു റങ്ക. എന്നാൽ യോഗം നടത്താൻ പൊലീസ് അനുവദിച്ചില്ലെന്നാണ് അഭിജീത്തിന്‍റെ ആരോപണം.

അസമിലെ സ്കൂളുകളുടെ യഥാർഥ സ്ഥിതി പുറത്തുകൊണ്ടുവന്നാൽ രാജ്യം അത് അറിയുമെന്നും അതാണ് മുഖ്യമന്ത്രിയുടെ ആശങ്കയെന്നും റങ്ക നേരത്തെ പറഞ്ഞിരുന്നു. കൂടാതെ കാസിരംഗയിൽ കോർപറേറ്റുകളുടെ താൽപര്യങ്ങൾക്കായി ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും മനുഷ്യനിർമിത വെള്ളപ്പൊക്കത്തിൽ നിരവധി പേർ മരിച്ചിട്ടുണ്ടെന്നും റങ്ക ആരോപിച്ചിരുന്നു. നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം നടത്തിയാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും റങ്ക ആരോപിച്ചു.

റങ്കയെയും മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി എൻസിപി (എസ്പി) വക്താവ് അനീഷ് ഗവാണ്ടെ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സ്കൂളുകളുടെ മോശം അവസ്ഥ, കാസിരംഗയിലെ ഒഴിപ്പിക്കൽ, പ്രവർത്തകരുടെ അറസ്റ്റ്, നിയമസഭാ മണ്ഡല അതിർത്തികളുടെ പുനർനിർണയം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടാനാണ് സിജെപി ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com