സിജെപി സമരം; ഡൽഹിയിലെ 57 മെട്രൊ സ്റ്റേഷനുകൾ വെള്ളിയാഴ്ച രാത്രി മുതൽ അടച്ചിടും

സുരക്ഷാ കാരണങ്ങളാൽ ഏർപ്പെടുത്തുന്ന നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ഡൽഹി മെട്രൊ റെയ്ൽ കോർപറേഷൻ (ഡിഎംആർസി) അറിയിച്ചു
57 metro stations in Delhi will be closed from Friday night.

ഡൽഹിയിലെ 57 മെട്രൊ സ്റ്റേഷനുകൾ വെള്ളിയാഴ്ച രാത്രി മുതൽ അടച്ചിടും

Updated on: 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ ശനിയാഴ്ച ജന്തർ മന്തറിൽ സിജെപി പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിലെ 57 മെട്രോ സ്റ്റേഷനുകൾ വെള്ളിയാഴ്ച രാത്രി ഒൻപത് മുതൽ അടച്ചിടും. സുരക്ഷാ കാരണങ്ങളാൽ ഏർപ്പെടുത്തുന്ന നിയന്ത്രണം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ഡൽഹി മെട്രൊ റെയ്ൽ കോർപറേഷൻ (ഡിഎംആർസി) അറിയിച്ചു. സ്റ്റേഷനുകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് ഡിഎംആർസിക്ക് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കശ്മീരി ഗേറ്റ്, ജൻപഥ്, മണ്ടി ഹൗസ്, ബാരഖംബ റോഡ്, സുപ്രീം കോടതി, ഇന്ദ്രപ്രസ്ഥ, ഐടിഒ, ഡൽഹി ഗേറ്റ്, ഖാൻ മാർക്കറ്റ്, ജമാ മസ്ജിദ്, ചാന്ദ്നി ചൗക്ക്, ഹൗസ് ഖാസ്, ഐഎൻഎ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിലാണ് നിയന്ത്രണം. ഈ സ്റ്റേഷനുകളിൽ പരസ്പരം മാറിക്കയറാനുള്ള (ഇന്‍റർചേഞ്ച്) സൗകര്യം തുടരും. എന്നാൽ ന്യൂഡൽഹി മെട്രൊ സ്റ്റേഷനിൽ ഈ സൗകര്യവും ലഭ്യമാകില്ല.

ഷഹീൻ ബാഗ്, ജാമിയ മില്ലിയ ഇസ്‌ലാമിയ, ഒഖ്‌ല വിഹാർ, കാളിന്ദി കുഞ്ച്, ലജ്പത് നഗർ, ആശ്രം, സരായ് കാലെ ഖാൻ–നിസാമുദ്ദീൻ, വെൽക്കം, ഷഹ്ദര, റിഥാല, രോഹിണി, ആസാദ്പുർ, ജംഗ്പുര, ശിവാജി സ്റ്റേഡിയം എന്നിവിടങ്ങളിലും നിയന്ത്രണമുണ്ടാകും.

പ്രതിഷേധക്കാർ സുരക്ഷാപ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് നിയന്ത്രണമില്ലാതെ നീങ്ങാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒക്റ്റോബർ എട്ടിനാണ് ഡൽഹി പൊലീസ് മെട്രോ അധികൃതർക്ക് കത്തയച്ചത്. നിയന്ത്രണം ഏർപ്പെടുത്തിയ സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന മെട്രോ ട്രെയ്നുകളുടെ സർവീസ് ഇടവേളയും വർധിപ്പിക്കണമെന്ന് പൊലീസ് കത്തിൽ വ്യക്തമാക്കിയിരുന്നു.