

ന്യൂഡൽഹി: ചെങ്കോട്ടയിലെ കോൺഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്. വിലക്ക് ലംഘിച്ചും പ്രതിഷേധത്തിനു മുതിർന്ന കോൺഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുതിർന്ന നേതാക്കളെയടക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ കൊണ്ടു പോകുന്ന വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സ്ഥലത്ത് സംഘർഷം തുടരുകയാണ്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചാണു കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരമുറകൾക്ക് ആഹ്വാനം ചെയ്തത്. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയ നടത്തിയ പ്രതിഷേധം പൊലീസ് തടയുകയായിരുന്നു. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത്, പി. ചിദംബരം, കെ. സി. വേണുഗോപാൽ, ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് തുടങ്ങിയ നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
