സിജെപി പാർലമെന്‍റ് മാർച്ച് സംഘർഷം; രജിസ്റ്റർ ചെയ്തത് 4 എഫ്ഐആർ, കൂടുതൽ കേസുകൾ ഉടൻ

പൊലീസുകാരെ ആക്രമിച്ചത്, നിയമം കൈയിലെടുത്തത് തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് രണ്ടു എഫ്‌ഐആറുകൾ കൂടി ഉടൻ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു
A clash between protesters and the police during CJP's march to Parliament (File photo)

‌സിജെപി പാർലമെന്‍റ് മാർച്ച് സംഘർഷം; രജിസ്റ്റർ ചെയ്തത് 4 എഫ്ഐആർ, കൂടുതൽ കേസുകൾ ഉടൻ

Updated on

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) പാർലമെന്‍റ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ഡൽഹി പൊലീസ് ഇതുവരെ നാലു എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. ഇതുകൂടാതെ രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പാർലമെന്‍റ് സ്ട്രീറ്റ്, കൊണോട്ട് പ്ലേസ് ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത, ആയുധ നിയമം, പൊതുമുതൽ നശീകരണം തടയൽ നിയമം എന്നിവയിലെ വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കൊണോട്ട് പ്ലേസിലെ റീഗൽ സിനിമയ്ക്ക് സമീപമുണ്ടായ അക്രമവും കല്ലേറും സംബന്ധിച്ചാണ് ഒരു എഫ്‌ഐആർ. നിയമവിരുദ്ധമായി സംഘം ചേരൽ, പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനിടെ അനുമതിയില്ലാതെ ഡ്രോൺ പറത്തൽ, അക്രമത്തിന് പിന്നിലെ ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട് പ്രത്യേക കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസുകാരെ ആക്രമിച്ചത്, നിയമം കൈയിലെടുത്തത് തുടങ്ങിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് രണ്ടു എഫ്‌ഐആറുകൾ കൂടി ഉടൻ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

പാർലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ നിയമാനുസൃത ഉത്തരവ് ലംഘിക്കൽ, ഔദ്യോഗിക കർത്തവ്യം തടസപ്പെടുത്തൽ, പൊലീസിനെ ആക്രമിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം, അക്രമം, പൊതുമുതൽ നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. പൊതുമുതൽ നശീകരണം തടയൽ നിയമ പ്രകാരമുള്ള കുറ്റവും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പ്രദേശത്ത് വിന്യസിച്ചിരുന്ന നിരവധി പൊലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തതായി പൊലീസ് ആരോപിച്ചു. സംഭവത്തിൽ പങ്കെടുത്തവരെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, മൊബൈൽ ഫോൺ വീഡിയോകൾ തുടങ്ങിയ ഇലക്ട്രോണിക് തെളിവുകൾ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളും മറ്റു ഡിജിറ്റൽ തെളിവുകളും അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

തിങ്കളാഴ്ച നടന്ന സംഘർഷത്തിൽ 118ലധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും 20ലധികം പൊലീസ് വാഹനങ്ങൾ തകരുകയും ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. നിലവിൽ ന്യൂഡൽഹി, സെൻട്രൽ, നോർത്ത്, സൗത്ത്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് ജില്ലകളിലും മറ്റു അതീവ ജാഗ്രതാ മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ ഒന്നിലധികം ബാരിക്കേഡുകൾ സ്ഥാപിക്കുകയും വാഹന പരിശോധന കർശനമാക്കുകയും കൂടുതൽ പൊലീസ്, അർധസൈനിക സേനാംഗങ്ങളെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com