
ജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്ഫോടനം; ഏഴു പേർ മരിച്ചു
ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിൽ മേഘവിസ്ഫോടനം ശനിയാഴ്ച അർധരാത്രിയോടെയാണ് നടന്നത്. ഈ പ്രദേശത്തേക്കുളള ഗതാഗതം തടസപ്പെട്ടതായി പിടിഐ റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തനത്തിനായി പൊലീസിന്‍റെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും സംയുക്ത സംഘം സ്ഥലത്തെത്തി. പ്രദേശത്തെ റെയിൽവേ ട്രാക്കിനും ദേശീയ പാതയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
"ജംഗ്ലോട്ട് പ്രദേശത്ത് മേഘവിസ്ഫോടനമുണ്ടായതായി വിവരം ലഭിച്ചതിനെത്തുടർന്ന് കത്വ എസ്‌എസ്‌പി ശ്രീ ശോഭിത് സക്‌സേനയോട് സംസാരിച്ചു. 4 പേർ മരിച്ചതായി റിപ്പോർട്ട്. കൂടാതെ, റെയിൽവേ ട്രാക്കിനും ദേശീയ പാതയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കത്വ പൊലീസ് സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സിവിലിയൻ ഭരണകൂടം, സൈന്യം, അർദ്ധസൈനികർ എന്നിവർ നടപടിയെടുത്തു. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്‍റെ ആത്മാർഥ അനുശോചനം അറിയിക്കുന്നു". - കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് എക്സിൽ കുറിച്ചു.