
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; 3 മരണം, നിരവധി വീടുകൾ ഒലിച്ചുപോയി
മാണ്ഡി: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ മേഘവിസ്ഫോടനം. ചൊവ്വാഴ്ച രാവിലെയോടെ ഉണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ കുറഞ്ഞത് 3 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മേഘവിസ്ഫോടനം വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. നിരവധി വീടുകൾ മണ്ണിനടിയിലായി.
നഗരത്തിലെ പല ഭാഗങ്ങളിലും ജനജീവിതം ദുരതത്തിലായി, ഗതാഗത സംവിധാനങ്ങൾ തടസപ്പെടുകയും ചെയ്തിട്ടുണ്ട്. ജയിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഡസനിലധികം വാഹനങ്ങൾ ഒലിച്ചുപോവുകയും സാരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മാണ്ഡി ബസ് ടെർമിനസും വെള്ളത്തിനടിയിലായിലായി.
ആളുകൾ ഉറങ്ങിക്കിടക്കുമ്പോൾ അരുവിയിലൂടെ വലിയ തോതിൽ വെള്ളം എത്തുകയും വീടുകളിൽ വള്ളം കയറുകയും ചെയ്തു. പെട്ടെന്നുള്ള വെള്ളപ്പൊക്കം ആളുകളെ പരിഭ്രാന്തിയിലാക്കി. നിരവധി വീടുകൾ അവശിഷ്ടങ്ങൾക്കടിയിൽ മുങ്ങി.
ജില്ലാ ഭരണകൂടം, പൊലീസ്, അഗ്നിശമന സേനാംഗങ്ങൾ എന്നിവർ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും ദുരിതബാധിത കുടുംബങ്ങളെ സഹായിക്കുന്നതിനുമായി പ്രവർത്തിക്കുന്നുവെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഡോ. മദൻ കുമാർ പറഞ്ഞു.