

ഹോട്ടലുകൾക്ക് ആശ്വാസം, വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്രം. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്‍റെ നീക്കം. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ ആകെ വിഹിതം 50 ശതമാനമായി ഉയർന്നു. റസ്റ്ററന്‍റുകൾ, ധാബകൾ, ഹോട്ടലുകൾ, വ്യവസായ മേഖലയിലെ കന്‍റീനുകൾ, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, ഡയറികൾ എന്നിവിടങ്ങളിലാണ് എൽപിജി വിഹിതം ഉയർത്തിയത്.
നേരത്തെ അനുവദിച്ച പത്ത് ശതമാനം വർധനവിന് പുറമെയാണ് 20 ശതമാനം അധിക വിഹിതം അനുവദിച്ചത്. മാർച്ച് 23 മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽവരും. സംസ്ഥാന സർക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്‌സിഡി കന്റീനുകളും ഔട്ട്‌ലറ്റുകൾക്ക് ഇത് ഗുണം ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും മുൻഗണന നൽകുമെന്നും സർക്കാർ അറിയിച്ചു.
പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യംകൂടി നീക്കത്തിന് പിന്നിലുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികൾക്കായി അഞ്ച് കിലോയുടെ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകൾ ലഭ്യമാക്കാനും വ്യവസ്ഥയുണ്ട്. സിലിണ്ടറുകൾ ലഭ്യമാകുന്നതിന് വാണിജ്യ ഉപഭോക്താക്കൾ ഓയിൽ മാർക്കറ്റിങ് കമ്പനികളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഒപ്പം, അതത് നഗരങ്ങളിലെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസികളിൽ പിഎൻജി കണക്ഷനായി അപേക്ഷ നൽകുകയും അത് സ്വീകരിക്കാൻ സജ്ജരാകുകയും വേണം എന്ന നിബന്ധനയും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്.