ബംഗളൂരു: രേണുകാസ്വാമി കൊലപാതകക്കേസില്‍ ജയിലിൽ കഴിയുന്ന നടൻ ദർശൻ പരാതിയുമായി രംഗത്ത്. രേണുകാസ്വാമിയുടെ പ്രേതം ജയിലിൽ തന്നെ വേട്ടയാടുന്നെന്നാണ് ദർശന്‍റെ പരാതി. തന്‍റെ സ്വപ്നങ്ങളിൽ രേണുകാ സ്വാമി വന്ന് വേട്ടയാടുന്നതായാണ് ദർശൻ പറയുന്നത്. രേണുകാസ്വാമി കൊലപാതകക്കേസില്‍ അറസ്റ്റിലായ ദര്‍ശന്‍ ഇപ്പോള്‍ ബെല്ലാരി ജയിലിലാണ്.
സെല്ലിൽ താൻ തനിച്ചാണെന്നും ഉറങ്ങാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. രാത്രി ഉറക്കത്തില്‍ ദര്‍ശന്‍ നിലവിളിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടതായി ജയില്‍ അധികൃതരും വ്യക്തമാക്കി. തന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയാണെങ്കില്‍, തിരികെ ബംഗളൂരു ജയിലിലേക്ക് മാറ്റണമെന്ന് ദര്‍ശന്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. രേണുകാസ്വാമിയുടെ പ്രേതം വേട്ടയാടുന്നുവെന്നതറിഞ്ഞ് ദര്‍ശന്‍റെ ഭാര്യ വിജയലക്ഷ്മി, ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയിരുന്നു.
ബംഗളൂരു ജയിലിൽ ദർശൻ ആഡംഭരം ജീവിതം നയിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റിയത്. ഇവിടേക്ക് ആര്‍ക്കും പ്രവേശനാനുമതിയില്ല. സൗകര്യങ്ങള്‍ വേണമെന്ന ദര്‍ശന്റെ ആവശ്യങ്ങള്‍ ജയില്‍ അധികൃതര്‍ അംഗീകരിച്ചിട്ടില്ല. കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ മാത്രമാണ് സെല്ലില്‍ അനുവദിച്ചിട്ടുള്ളത്.