ആക്റ്റിവിസ്റ്റുകൾക്ക് ആശയപ്പോരാട്ടം; വോട്ടർക്ക് ആശുപത്രിയും പരിസരശുചിത്വവും

പ്രചാരണ വിഷയവും ജനകീയപ്രശ്നങ്ങളും തമ്മിലുള്ള അന്തരം തുറന്നുകാണിച്ച് പ്രയാഗ്‌രാജ്
ആക്റ്റിവിസ്റ്റുകൾക്ക് ആശയപ്പോരാട്ടം; വോട്ടർക്ക് ആശുപത്രിയും പരിസരശുചിത്വവും

പ്രയാഗ്‌രാജ്: ലോക്സഭാ തെരഞ്ഞെടുപ്പ് ഭരണഘടനയുടെ സംരക്ഷണത്തിനു വേണ്ടിയാണെന്ന് ആക്റ്റിവിസ്റ്റുകൾ പറയുമ്പോൾ സാധാരണ വോട്ടർക്ക് വിഷയം ആശുപത്രിയും പരിസരശുചിത്വവും. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജാണ് പ്രചാരണ വിഷയവും ജനകീയ പ്രശ്നങ്ങളും തമ്മിലുള്ള അന്തരം തുറന്നുകാണിക്കുന്നത്. അലഹാബാദ്, ഫൂൽപുർ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണു പ്രയാഗ്‌രാജ്. ഇന്നാണ് ഇരുമണ്ഡലങ്ങളിലും വോട്ടെടുപ്പ്.

ഗംഗാ, യമുനാ, സരസ്വതീ സംഗമഭൂമിയായ പ്രയാഗ്‌രാജിലാണ് അലഹാബാദ് ഹൈക്കോടതിയും യൂണിവേഴ്സിറ്റിയും സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസം, ആത്മീയത എന്നിവയുടെ കേന്ദ്രമായ പ്രയാഗ്‌രാജിന് ഇന്ത്യാ ചരിത്രത്തിലുമുണ്ട് നിർണായക സ്ഥാനം. ഏഴു പ്രധാനമന്ത്രിമാരെ രാജ്യത്തിനു സമ്മാനിച്ച നഗരമാണിത്. ഉത്തർപ്രദേശിലെ ഏറ്റവും വലുതും ജനസാന്ദ്രതയുള്ളതുമായ നഗരവുമാണ് പ്രയാഗ്‌രാജ്.

നഗരത്തിന്‍റെ “ഇലാഹാബാദി’ സംസ്കാരം നിലനിർത്തണമെന്നാണ് ആക്റ്റിവിസ്റ്റുകളുടെ പക്ഷം. കുംഭമേള നടക്കുന്ന, മുഗൾ ഭരണകാലത്ത് സൈനിക കേന്ദ്രമായിരുന്ന, ബ്രിട്ടിഷ് കാലത്ത് ഏറെ പ്രാധാന്യമുണ്ടായിരുന്ന നഗരമാണിതെന്ന് സാംസ്കാരിക പ്രവർത്തകൻ സഫർ ഭക്ത് പറയുന്നു. അലഹാബാദ് ഒരിക്കലും ആർക്കു മുന്നിലും കീഴടങ്ങിയിട്ടില്ലെന്നും തെറ്റ് സംഭവിച്ചപ്പോഴൊക്കെ അതു തിരിച്ചറിഞ്ഞ് തിരുത്തിയെന്നും ഭക്ത്.

വ്യക്തികളല്ല, മാധ്യമങ്ങൾ, ജുഡീഷ്യറി, തെരഞ്ഞെടുപ്പു കമ്മിഷൻ തുടങ്ങി സ്ഥാപനങ്ങളാണ് ജനാധിപത്യത്തിന്‍റെ സ്തംഭങ്ങളെന്നാണ് പുരോഗമന സാഹിത്യ അസോസിയേഷൻ പ്രസിഡന്‍റ് സുരേന്ദ്ര റാഹിയുടെ വാദം. ഈ സ്തംഭങ്ങളെ സർക്കാർ രാഷ്‌ട്രീയ ലക്ഷ്യത്തിനു വേണ്ടി മാറ്റിയാൽ ജനാധിപത്യം ദുർബലമാകും. ഭരണഘടന സംരക്ഷിക്കുകയെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്നും റാഹി പറയുന്നു. ഒരു പ്രതിഷേധം സംഘടിപ്പിക്കാൻ പോലും പറ്റാത്ത കാലത്തിലൂടെയാണു പൗരാവകാശ പ്രവർത്തകർ കടന്നുപോകുന്നതെന്നും ഇതിനെതിരേയാകണം വിധിയെഴുത്തെന്നും നാഗരിക് സമാജ് എന്ന എൻജിഒയുടെ പ്രവർത്തകൻ അൻഷു മാളവ്യയുടെ പ്രതികരണം. “ഇന്ത്യ’ മുന്നണിയെ പിന്തുണച്ച് സജീവമായി പ്രചാരണ രംഗത്തുണ്ട് നാഗരിക് സമാജ്.

എന്നാൽ, അലഹാബാദ് നഗരത്തിന്‍റെ വികസനത്തിനാണു തന്‍റെ പിന്തുണയെന്നു കന്നി വോട്ടിനൊരുങ്ങുന്ന സാക്ഷി സിങ് പറയുന്നു. സ്ത്രീകൾക്കു സുരക്ഷിതത്വവും വിദ്യാഭ്യാസവും നൽകുന്നവർക്കാണ് എന്‍റെ വോട്ട്- സാക്ഷി പറഞ്ഞു. സാക്ഷിയുടെ അമ്മ കുമുദ് സിങ്ങിനും മറിച്ചൊരു വാക്കില്ല. നഗരത്തിൽ ലഘുഭക്ഷണ ശാല നടത്തുന്ന ശിവകുമാർ യാദവും മാധ്വപുർ സ്വദേശി രാംകൃഷ്ണ ശ്രീവാസ്തവയും പറയുന്നത് വികസനത്തിനാണു തങ്ങളുടെ വോട്ടെന്നാണ്. തൊഴിലില്ലായ്മ ആശങ്കയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വിശ്വാസമുണ്ടെന്നും ഇരുവരും പറഞ്ഞു.

വികസനമാണ് പ്രചാരണത്തിലെ വിഷയമെന്നു വിലയിരുത്തിയ അലഹാബാദ് ഹൈക്കോടതി അഭിഭാഷകൻ രാം പ്രസാദ് ദുബെ, അതിനൊപ്പം അന്താരാഷ്‌ട്ര തലത്തിൽ രാജ്യത്തിനുണ്ടായ നേട്ടങ്ങളും കാണാതിരുന്നു കൂടാ എന്നും കൂട്ടിച്ചേർക്കുന്നു. ആരോഗ്യം, ക്ഷേമപദ്ധതികൾ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയെന്നാണു സാധാരണക്കാരായ മറ്റു വോട്ടർമാരുടെ വിലയിരുത്തൽ. ആകെ 31 ലക്ഷം വോട്ടർമാരാണു പ്രയാഗ്‌രാജിലുള്ളത്.

Trending

No stories found.

Latest News

No stories found.