
ന്യൂഡൽഹി: രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ഭാരത് ജോഡോ യാത്രയുടെ വാർഷികം പ്രമാണിച്ച് സെപ്റ്റംബർ 7ന് രാജ്യത്തെ എല്ലാ ജില്ലകളിലും ഭാരത് ജോഡോ യാത്ര നടത്താൻ തീരുമാനിച്ച് കോൺഗ്രസ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയുടെ ആദ്യഘട്ടത്തിന് തുടക്കമിട്ടത്.
ജനകീയമായി മാറിയ യാത്രയുടെ ഓർമയ്ക്കായി സെപ്റ്റംബർ 7ന് വൈകിട്ട് 5 മണി മുതൽ 6 മണി വരെ എല്ലാ ജില്ലകളിലും ജോഡോ യാത്ര നടത്തണമെന്ന് നിർദേശിച്ചു കൊണ്ടുള്ള സർക്കുലർ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സംസ്ഥാനങ്ങൾക്ക് കൈമാറി.
അതേ സമയം രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ഗുജറാത്തിൽ നിന്നു തുടങ്ങി മേഘാലയയിലേക് നടത്താനും തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പട്ടോൾ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.