

വോട്ട് ചോർച്ച; ഭരണഘടനാ ദിനത്തിൽ രാജ‍്യമെമ്പാടും പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ്
ന‍്യൂഡൽഹി: നവംബർ 26 ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് വോട്ട് ചോർച്ചയ്ക്കെതിരേ രാജ‍്യ വ‍്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ കോൺഗ്രസ്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ വച്ച് നടക്കുന്ന പ്രതിഷേധ മാർച്ചിൽ പാർട്ടി അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കും.
നവംബർ 26ന് നടക്കുന്ന സംവിധാൻ രക്ഷ മാർച്ചിലാണ് ഖാർഗെ പങ്കെടുക്കുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ട് ചോർച്ചയുടെ രേഖാമൂലമുള്ള തെളിവ് രാജ‍്യത്തിന് മുന്നിൽ അവതരിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
മഹാദേവപുരയിൽ ആവർത്തിച്ചുള്ളതും വ‍്യാജവുമായ പേരുകൾ ഉൾപ്പെടുത്തിയതും, അലന്ദിൽ ആയിരക്കണക്കിന് വോട്ടർമാരെ ഒഴിവാക്കാൻ ശ്രമിച്ചതും, ഹരിയാനയിലും മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായ ഗുരുതരമായ ക്രമക്കേടുകളും അദ്ദേഹം എടുത്തു പറഞ്ഞു. വോട്ടർ പട്ടികയിൽ ആസൂത്രിതമായ ക്രമക്കേടുകളാണ് നടക്കന്നതെന്നും ഖാർഗെ ആരോപിച്ചു.
വിഷയത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവിടുന്നതിന് പകരം കണ്ടെത്തലുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയെന്നും പ്രതിപക്ഷ നേതാവിൽ നിന്നും സത‍്യവാങ്മൂലം ആവശ‍്യപ്പെട്ട കമ്മിഷൻ അന്വേഷണ ഏജൻസികൾ തേടിയ വിവരങ്ങൾ കൈമാറിയില്ലെന്ന് കൂട്ടിച്ചേർത്തു.
ഒരു പൗരന്‍റെ വോട്ട് മോഷ്ടിക്കപ്പെടുമ്പോൾ ഭരണഘടന നൽകുന്ന മറ്റെല്ലാ അവകാശങ്ങളും അർഥശൂന‍്യമായി തീരുമെന്ന് കോൺഗ്രസ് പറഞ്ഞു. ഈ പോരാട്ടം ഏതെങ്കിലും ഒരു പാർട്ടിക്കെതിരേ അല്ലെന്നും മറിച്ച് ഇന്ത‍്യ ഒരു ജനാധിപത‍്യ രാജ‍്യമായി തുടരുമോയെന്നതിനെ പറ്റിയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
ബിഹാറിലെ കരട് വോട്ടർപട്ടികയിൽ നിന്നും 65 ലക്ഷം പേരുകൾ ഒഴിവാക്കിയെന്നും മൂന്ന് ഘടങ്ങളിലായി നീക്കപ്പെട്ടവരുടെ എണ്ണം 13 കോടിയിലധികം വരുമെന്നും കെസി. ദരിദ്രർ, ആദിവാസികൾ, ദളിതർ, ന‍്യൂനപക്ഷങ്ങൾ, കുടിയേറ്റ തൊഴിലാളികൾ, വിവാഹ ശേഷം വീട് മാറിപ്പോയ സ്ത്രീകൾ എന്നിവരാണ് ഏറ്റവും കൂടുതൽ അപകടസാധ‍്യത നേരിടുന്നതെന്നും കെസി പറഞ്ഞു.