സനാതന ധർമ വിരുദ്ധ പ്രസ്താവന; ജാഗ്രതയോടെ സമീപിക്കണമെന്ന് പ്രവർത്തക സമിതിയിൽ നേതാക്കളുടെ മുന്നറിയിപ്പ്

ജനകീയ പ്രശ്നങ്ങളിൽ ഭാരതമാതാവിന്‍റെ ശബ്ദം ഉയർത്താനാണു യോഗത്തിൽ തീരുമാനമെന്നു കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര പറഞ്ഞു
Pawan Khera
Pawan Kherafile

ഹൈദരാബാദ്: ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ വിരുദ്ധ പ്രസ്താവനയിൽ ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കണമെന്നു കോൺഗ്രസ് പ്രവർത്തക സമിതിയിൽ മുതിർന്ന നേതാക്കൾ. ബിജെപിയുടെ കെണിയിൽ വീഴരുതെന്നും വിവാദത്തിൽ നിന്ന് അകലം പാലിക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു. ജാഗ്രത വേണമെന്നു രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളോടു നിർദേശിച്ചു.

ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഘേലും മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥുമാണ് ഇക്കാര്യത്തിൽ കടുത്ത ആശങ്ക അറിയിച്ചത്. ഡിഎംകെയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഭോപ്പാലിൽ പ്രതിപക്ഷ സഖ്യം "ഇന്ത്യ'യുടെ സംയുക്ത റാലി കോൺഗ്രസ് ഇടപെട്ട് ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണു പ്രവർത്തക സമിതിയിൽ നേതാക്കളുടെ വിമർശനം. ജനകീയ പ്രശ്നങ്ങളിൽ ഭാരതമാതാവിന്‍റെ ശബ്ദം ഉയർത്താനാണു യോഗത്തിൽ തീരുമാനമെന്നു കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര.

സനാതന ധർമ വിവാദത്തിൽ നടത്തുന്ന ഏതു പരാമർശവും ബിജെപിക്കു ഗുണം ചെയ്യുമെന്നു കമൽനാഥും ഭൂപേഷ് ബഘേലും മുന്നറിയിപ്പു നൽകി. അതേസമയം, ഈ വിവാദം യോഗത്തിൽ ചർച്ചയായില്ലെന്നു മുതിർന്ന നേതാവ് പി. ചിദംബരം പറഞ്ഞു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതാണു കോൺഗ്രസിന്‍റെ പാരമ്പര്യം. ഇക്കാര്യം പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. സനാതന ധർമ വിവാദത്തിൽ ഇടപെടാനില്ലെന്നു പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിട്ടുണ്ടെന്നും ചിദംബരം.

ഒരു മതത്തെയും എതിർത്തിട്ടില്ലെന്നു ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്. ജാതീയമായ വേർതിരിവുകൾക്കും അടിച്ചമർത്തലുകൾക്കുമെതിരേയാണ് ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവനയെന്ന് ഡിഎംകെ നേതൃത്വം വിശദീകരിക്കുകയും ചെയ്തെന്ന് ചിദംബരം അവകാശപ്പെട്ടു.

അതേസമയം, സനാതന ധർമത്തിനെതിരേ നടത്തിയതിനു സമാനമായ പരാമർശം മറ്റു മതങ്ങൾക്കെതിരേ നടത്താൻ ഉദയനിധിക്കു ധൈര്യമുണ്ടോ എന്നു കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ചോദിച്ചു. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായ ആളാണ് ഉദയനിധി. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തില്ലെന്ന് സത്യപ്രതിജ്ഞയ്ക്കിടെ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഇത് നിങ്ങളുടെ പ്രത്യയശാസ്ത്രമാണെങ്കിലും ഒരു മതത്തെ ഉന്മൂലനം ചെയ്യുമെന്ന് പറയാനുള്ള അവകാശം നിങ്ങള്‍ക്കില്ല’-നിര്‍മല സീതാരാമന്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com