ചിന്ദ്വാരയിൽ നകുൽനാഥ്, ജലോറിൽ വൈഭവ് ഗേലോട്ട്; രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ട് കോൺഗ്രസ്

അസമിൽ നിന്ന് 12 പേരും ഗുജറാത്തിൽ നിന്ന് 7 പേരും മധ്യപ്രദേശ് രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 10 വീതം സ്ഥാനാർഥികളുമാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
ചിന്ദ്വാരയിൽ നകുൽനാഥ്, ജലോറിൽ വൈഭവ് ഗേലോട്ട്; രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ട്  കോൺഗ്രസ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ട് കോൺഗ്രസ്. 43 പേരുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. ബിജെപിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്ന കമൽനാഥിന്‍റെ മകനും എംപിയുമായ നകുൽനാഥും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ നിന്നാണ് നകുൽ നാഥ് മത്സരിക്കുന്നത്. രാജസ്ഥാനിലെ ജലോറിൽ നിന്ന് വൈഭവ് ഗേലോട്ടും അസമിലെ ജോർഹട്ടിൽ നിന്ന് ഗൗരവ് ഗോഗോയും മത്സരിക്കും. രാജസ്ഥാനിലെ സ്ഥാനാർഥികളുടെ പട്ടികയിൽ രണ്ടു തവണ എംപി സ്ഥാനം വഹിച്ച സച്ചിൻ പൈലറ്റ് ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

അതു പോലെ അശോക് ഗേലോട്ടിന്‍റെ ശക്തികേന്ദ്രമായ ജോധ്പുരിലെ സ്ഥാനാർഥിയെയും പ്രഖ്യാപിച്ചിട്ടില്ല. അസമിൽ നിന്ന് 12 പേരും ഗുജറാത്തിൽ നിന്ന് 7 പേരും മധ്യപ്രദേശ് രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 10 വീതം സ്ഥാനാർഥികളും ഉത്തരാഖണ്ഡിൽ നിന്ന്3 പേരും ദമാൻ ആൻഡ് ദിയുവിൽ നിന്ന് ഒരാളുമാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ടത്. ജനറൽ വിഭാഗത്തിൽ 10 പേരും ഒബിസി വിഭാഗത്തിൽ13 പേരും പട്ടികജാതി വിഭാഗത്തിൽ നിന്ന് 10 പേരും പട്ടികവർഗ വിഭാഗത്തിൽ നിന്ന് 9 പേരും മുസ്ലിം വിഭാഗത്തിൽ നിന്ന് ഒരാളുമാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. 39 പേരടങ്ങുന്ന പട്ടികയാണ് കോൺഗ്രസ് ആദ്യം പുറത്തു വിട്ടിരുന്നത്.

Trending

No stories found.

Latest News

No stories found.