
വഖഫ് ഭേദഗതി ബില്ലിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് കോൺഗ്രസ്
ന‍്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരേ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് കോൺഗ്രസ്. എംപി മുഹമ്മദ് ജാവേദാണ് ഹർജി നൽകിയത്. മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണ് ബിൽ എന്നാരോപിച്ചാണ് കോൺഗ്രസ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25, 26, 29, 300എ തുടങ്ങിയവ ലംഘിക്കുന്നുവെന്നാണ് ആരോപണം. ബിൽ ഒരു വിഭാഗത്തോടുള്ള ലംഘനമാണെന്നും മത സ്വാതന്ത്ര‍്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്.
നേരത്തെ കോൺഗ്രസ് ഹർജി സമർപ്പിക്കുമെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് അറിയിച്ചിരുന്നു. ബില്ലിനെ നിയമപരമായി തന്നെ നേരിടുമെന്നും എല്ലാ തരത്തിലുള്ള മോദി സർക്കാരിന്‍റെ ആക്രമണങ്ങളെ ചെറുക്കാൻ കോൺഗ്രസിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുമ്പ് കോൺഗ്രസ് സുപ്രീംകോടതിയിൽ സിഎഎ നിയമത്തേയും 2019ലെ വിവരാവകാശ നിയമത്തിലെ ഭേദഗതിയെയും ചോദ‍്യം ചെയ്തതും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.